ചേർത്തല : വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിലെ പ്രതികളായ ഇറാൻ സ്വദേശികളുടെ കസ്​റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നിവരെ ദിവസത്തേക്കാണ് ചേർത്തല പൊലീസിന് കസ്​റ്റഡിയിൽ വാങ്ങിയിരുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് ഇവരുടെ മാതൃഭാഷയിൽ ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജന്റ്‌സ് ബ്യൂറോയും റായും നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ മ​റ്റു പൊലീസ് സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിൽ അതത് സ്​റ്റേഷൻ അധികൃതർ കസ്​റ്റഡിയിൽ വാങ്ങി നടപടി ക്രമങ്ങൾ പൂർത്തിയാക്കും.കഴിഞ്ഞ 10ന് വൈകിട്ട് വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 34000രൂപ തട്ടിയെടുത്ത് കടന്നതിനെ തുടർന്ന് 12നാണ് പ്രതികളെ പൊലീസ് അറസ്​റ്റു ചെയ്തത്.