തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ വിമതർ പത്രിക നൽകി.

സി.പി.ഐ കുത്തിയതോട് എൽ.സി മുൻ സെക്രട്ടറി ടി.ആർ.പൊന്നപ്പൻ നാലാം വാർഡിലും ലീവിൽ പോയ അസി.സെക്രട്ടറി എൻ.കെ.നാസർ രണ്ടാം വാർഡിലുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ രംഗത്ത് വന്നത്. ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ഫോർവേഡ് ബ്ലോക്ക് നേതാവ് രാജു സ്വാമിയാണ് വിമതനായി മത്സരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് തരാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയതാണെന്നും പാലിക്കപ്പെടാതിരുന്നതിലാണ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ പത്രിക നൽകിയതെന്നും രാജു സ്വാമി പറഞ്ഞു.

രണ്ടാം വാർഡിൽ കേരള കോൺഗ്രസ് സ്ഥാനാത്ഥിക്കെതിരെയും നാലാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിക്കെതിരെയും സി.പി.ഐ പ്രാദേശിക നേതാക്കൾ മത്സരിക്കുന്നുണ്ട്. ഇത് സി.പി.ഐയിലെ ഉന്നത നേതാക്കളുടെ ഒത്താശയോടെയാണെന്നാണ് ആക്ഷേപം. വിമതരായ സ്ഥാനാർത്ഥികളുടെ പോസ്റ്ററും വോട്ടഭ്യർത്ഥനയും നവ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.