കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചത് കുത്തിവയ്പ് മൂലമാണെന്നാരോപിച്ച് മാതാവ് നഴ്‌സിനെ തല്ലിയതായി പരാതി. സംഭവത്തിൽ മാതാവിനെതിരെ ഗാന്ധി നഗർ പൊലീസ് കേസെടുത്തു. മാരാരിക്കുളം സ്വദേശിയായ മൂന്നു വയസുകാരനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30നാണ് കടുത്ത പനിയും ഛർദിയും മൂലം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച പുലർച്ചെ മരിച്ചു. കുട്ടി മരിച്ചത് കുത്തിവച്ചതു മൂലമാണെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവ് നഴ്‌സിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. സവിതയുടെ നേതൃത്വത്തിൽ മാതാവിനെതിരെ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ന്യൂമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അണുബാധയും ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ മരണം സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.