ആലപ്പുഴ: കൊവിഡ് അടിച്ചേൽപ്പിച്ച സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആനിമേഷൻ ഗ്രാഫിക്സിന്റെയും അനൗൺസ്മെന്റുകളുടെയും അടിപൊളി പാട്ടുകളുടെയും അകമ്പടിയോടെ സ്ഥാനാർത്ഥികൾ മൊബൈൽ സ്ക്രീനുകളിൽ നിറയുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ കൊവിഡിന്റെ പ്രധാന 'സംഭാവന'കളിലൊന്നാണ് ഗ്രാഫിക്സ് വീഡിയോകൾ. ഓരോ സ്ഥാനാർത്ഥിയുടെയും മുഖം പതിച്ച പോസ്റ്ററും പാർട്ടിക്കൊടിയും കെട്ടിവെച്ച ആനിമേഷൻ വാഹനങ്ങളാണ് കളം നിറയെ. വീഡിയോയ്ക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ നിരവധി ഗ്രാഫിക്സ് എഡിറ്റർമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗ്രാഫിക്സ് മേഖലയിലെ കൂട്ടുകാർ ഒത്തു ചേർന്ന് തിരഞ്ഞെടുപ്പ് കാലത്തേക്ക് വേണ്ടി പ്രത്യേക കമ്പനികൾ വരെ രൂപീകരിച്ചിട്ടുണ്ട്.
പ്രചാരണ വാചകങ്ങൾക്ക് സാധാരണ പ്രസംഗത്തിൽ നിന്ന് വ്യത്യസ്തമായ മോഡുലേഷൻ ആവശ്യമാണ്. സംഗതി വ്യത്യസ്തമാക്കാൻ കാഥികൻ സാംബശിവന്റെ ശബ്ദം വരെ അനുകരിച്ചുള്ള അനൗൺസ്മെന്റുകൾ വീഡിയോകൾക്കൊപ്പം എഡിറ്റ് ചെയ്ത് ചേർക്കുന്നുണ്ട്. ഏറെ അടുപ്പമുള്ള സ്ഥാനാർത്ഥികളുടെ പ്രചാരണ വീഡിയോ വ്യത്യസ്തവും ശ്രദ്ധിക്കപ്പെടുന്നതുമാവണമെന്ന് കരുതിയാണ് വിവിധ ശബ്ദാനുകരണങ്ങളോടെ അനൗൺസ്മെന്റ് റെക്കോഡ് ചെയ്യുന്നതെന്ന് ചേർത്തല സ്വദേശിയും നാടക കലാകാരനുമായ ബിജി ഹരിദാസ് പറയുന്നു.
സംഗതി റിസ്കല്ല
അത്യാവശ്യം എഡിറ്റിംഗ് വശമുള്ള കലാകാരന്മാർക്ക് അധികം പണം ചെലവില്ലാതെ ഗ്രാഫിക് വീഡിയോകൾ തയ്യാറാക്കാനുള്ള സേഫ്റ്റ് വെയറുകളും ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആനിമേഷൻ വാഹനം, പാർട്ടി കൊടികൾ, സ്ഥാനാർത്ഥിയുടെ പോസ്റ്റർ എന്നിവ കൂട്ടിയിണക്കിയാണ് പരമാവധി ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കുന്നത്. വീഡിയോയിൽ ചേർക്കാൻ അനൗൺസ്മെന്റോ, പാട്ടോ നിർബന്ധമാണ്. എല്ലാം ചേർത്ത് പാക്കേജാണ് പലരും തയ്യാറാക്കുന്നത്. ഫോണിൽ ഒരു വീഡിയോ എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യാൻ ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ വേണ്ടൂ. എഡിറ്റിംഗ് സംവിധാനം എല്ലാ സ്മാർട് ഫോണിലും ലഭ്യമാണെന്നതിനാൽ പാർട്ടി അനുഭാവികളായ യുവാക്കളാണ് മിക്ക സ്ഥാനാർത്ഥികൾക്കും വേണ്ടി വീഡിയോകൾ തയ്യാറാക്കുന്നത്. അതിനാൽ ആയിരം രൂപയ്ക്ക് താഴെ ചെലവ് ഒതുങ്ങും.
പ്രൊഫഷണൽ പാക്കേജുകൾ
ഗ്രാഫിക്കൽ മോഷൻ പോസ്റ്ററുകൾ മുതൽ വീഡിയോകൾ വരെ ഉൾപ്പെടുത്തി സ്ഥാനാർത്ഥികൾക്ക് വേണ്ടി വിവിധ പാക്കേജുകൾ തയ്യാറാക്കുന്ന സംഘങ്ങളുണ്ട. വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, മിക്സിംഗ് തുടങ്ങി ഓരോ ജോലികളും ടീമിലെ അംഗങ്ങൾക്ക് വിഭജിച്ച് നൽകുകയാണ്. വ്യത്യസ്ത സ്ഥലങ്ങളിലിരുന്നാണ് വീഡിയോകൾ തയാറാക്കുന്നത്. നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ പത്ത് വ്യത്യസ്ത പോസ്റ്ററുകൾ വരെ തയ്യാറാക്കും. ഫെയ്സ്ബുക്ക് കവർ ഫോട്ടോ, പ്രൈവറ്റ് പ്രൊഫൈൽ, ഇൻസ്റ്റഗ്രാം പോസ്റ്റ് സൈസ്, വാട്സാപ്പ് സ്റ്റാറ്റസ് ആക്കാവുന്ന വെർട്ടിക്കൽ ഫോട്ടോ എന്നിങ്ങനെ നീളും വ്യത്യസ്തത. ഇതിന് പുറമേ സ്ഥാനാർത്ഥിയുടെ പരിചയപ്പെടുത്തൽ വീഡിയോ, 30 സെക്കൻഡ് ദൈർഘ്യമുള്ള അഭ്യർത്ഥന, ചെയ്ത കാര്യങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്നവയും വ്യക്തമാക്കുന്ന പ്രകടന പത്രിക, നടത്തിയ വികസനങ്ങൾ, നാട്ടുകാരുടെ പ്രതികരണം ഉൾപ്പെടുത്തി തയ്യാറാക്കുന്ന വീഡിയോ എന്നിങ്ങനെ നീളും പാക്കേജിന്റെ ലിസ്റ്റ്.
..........................
പ്രൊഫഷണൽ വീഡിയോ, പോസ്റ്റർ ഗ്രാഫിക്സ് പാക്കേജ്: 25,000 രൂപ മുതൽ
മോഷൻ ഗ്രാഫിക്സ് പോസ്റ്റർ: 2,500
..........................
യുവാക്കളായ സ്ഥാനാർത്ഥികളാണ് പ്രൊഫഷണൽ ഗ്രാഫിക്സ് വർക്കിൽ താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ഥാനാർത്ഥിയെ മുൻകാല പ്രവർത്തനങ്ങളടക്കം വോട്ടമാരുടെ ഉള്ളിലെത്തിക്കുക എന്നതാണ് ഉദ്ദേശം
ഗബ്രിയേൽ എം.മാത്യു , അധോലോകം ഗ്രാഫിക്സ് മീഡിയ, ചങ്ങനാശേരി