s

സ്ഥാനാർത്ഥികൾക്കൊപ്പം ആൾക്കൂട്ടം

ആലപ്പുഴ : തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയിലേറെ മാത്രം ബാക്കി നിൽക്കുമ്പോൾ പ്രചാരണച്ചൂട് ഓരോ ദിനവും കുത്തനെ ഉയരുന്നതോടെ കൊവിഡ് മാനദണ്ഡങ്ങൾ മറന്ന മട്ടിലാണ് പല സ്ഥാനാർത്ഥികളും.

ആദ്യഘട്ടത്തിൽ മാസ് ധരിച്ച്, പ്രസ്താവനയുമായി ഒപ്പം രണ്ടുമൂന്നു പേരുമായിട്ടാണ് സ്ഥാനാർത്ഥികൾ എത്തിയിരുന്നതെങ്കിലും ഇപ്പോൾ കളം മാറി. വോട്ടർമാർക്ക് അപരിചിതത്വം തോന്നാതിരിക്കാൻ സ്ഥാനാർത്ഥികളിൽ പലരും മാസ്ക് ഊരി മാറ്റി. പര്യടനത്തിലും പത്തും ഇരുപതും പേരെ കൂടെ കൂട്ടുന്നു.

ഭവന സന്ദർശനത്തിലാണ് വലിയ ആൾക്കൂട്ടമുണ്ടാകുന്നത്. സ്ഥാനാർത്ഥിക്ക് ഒപ്പം നാല് പേർ മാത്രമേ പാടുള്ളൂ എന്നാണ് ചട്ടമെങ്കിലും അതൊക്കെ മറന്ന മട്ടാണ്. ഹസ്തദാനവും ആലിംഗനവും ഒക്കെ മുറപോലെ നടക്കുന്നു. കൊറോണ കാലഘട്ടത്തിൽ ഈ ശൈലി പലർക്കും ഇഷ്ടമില്ലെങ്കിൽ പോലും മുഖത്തു നോക്കി പറയാനുള്ള ബുദ്ധിമുട്ട് കാരണം സഹിക്കുകയാണത്രെ. വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്നും പുറത്തു സാമൂഹിക അകലം പാലിച്ചു വോട്ടു തേടണമെന്നുമാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

പ്രോട്ടോക്കോൾ നിർബന്ധം

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനം കമ്മിഷന്റെ ശ്രദ്ധയിൽപെട്ടാൽ കേസെടുക്കും.സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരും മാർഗ നിർദ്ദേശങ്ങൾ പാലിക്കണം.

വോട്ടർമാരും സൂക്ഷിക്കണം
വോട്ടർമാർ സ്ഥാനാർത്ഥികളോട് അകലം പാലിച്ച് നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പ്രചരണച്ചൂടിൽ ഹസ്തദാനം, ആലിംഗനം, കുട്ടികളെ എടുക്കുക, കിടപ്പ് രോഗികളെ സന്ദർശിക്കുക എന്നിവയൊന്നും പാടില്ല. പ്രചാരണ സംഘങ്ങളിൽ നിന്നും ആരും വീടിനുള്ളിൽ പ്രവേശിക്കുന്നില്ലെന്ന് വീട്ടുകാർ ഉറപ്പാക്കണം.സ്ഥാനാർത്ഥികളോട് രണ്ട് മീറ്റർ അകലം പാലിച്ച് വേണം സംസാരിക്കാൻ. മൂക്കും, വായും മൂടുംവിധം മാസ്‌ക് ധരിച്ചിരിക്കണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്. നോട്ടീസ് ലഘുലേഖ ഇവ വാങ്ങിയതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

മാർഗ്ഗ നിർദ്ദേശങ്ങൾ
ഭവന സന്ദർശന സംഘത്തിൽ പരമാവധി അഞ്ച്‌പേർ .

 വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ, ഗർഭിണികൾ എന്നിവരോട് ഇടപഴകരുത്.

ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങൽ, ദേഹത്ത് സ്പർശിക്കുക എന്നിവവേണ്ട.

വീടുകൾക്കുള്ളിൽ പ്രവേശിക്കാതെ രണ്ട് മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കുക.

വിതരണത്തിനുള്ള നോട്ടീസുകളും ലഘു ലേഖകളും പരിമിതപ്പെടുത്തി സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക.

കൈകൾ ഇടയ്ക്കിടയ്ക്ക് സാനിട്ടൈസ് ചെയ്യണം.

ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ തുടങ്ങിയവ സ്വീകരണ പരിപാടിയിൽ നിന്നും ഒഴിവാക്കണം.

''തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

ജില്ലാ കളക്ടർ