സാരിയിലേക്കിറങ്ങുന്നു സ്ഥാനാർത്ഥികൾ
ആലപ്പുഴ: 'ഈ പെങ്കൊച്ച് സാരിയൊക്കെ ഉടുക്കുമായിരുന്നോ...'- അടുത്ത വീടിന്റെ മതിലിൽ പതിഞ്ഞിരുന്ന് ചിരിക്കുന്ന, അയൽവാസി പെൺകാടിയുടെ സ്ഥാനാർത്ഥി പോസ്റ്റർ കണ്ടപ്പോൾ ഇപ്പുറത്തെ മുത്തശ്ശി കൊച്ചുമകളോട് ചോദിച്ചതാണ്. കാരണം, കഴിഞ്ഞ ദിവസം വരെ ചുരിദാറിലും ലഗ്ഗിംഗ്സിലും കാഷ്വൽ, വെറൈറ്റി വേഷങ്ങളിലും സ്കൂട്ടറിൽ പാറി നടന്നിരുന്ന ടി പെൺകുട്ടിയെ മലയാളിത്തം തുളുമ്പുന്ന സാരിയിൽ പൊതിഞ്ഞു കണ്ടപ്പോൾ മുത്തശ്ശിക്ക് ആശ്ചര്യം തോന്നിയതിൽ തെറ്റുപറയാനാവില്ല!
മരമെത്ര വളർന്നാലും മണ്ണിനെ മറക്കില്ലെന്നൊരു ചൊല്ലുണ്ട്. കാരണം, ആ മറവിക്ക് വലിയ വിലതന്നെ കൊടുക്കേണ്ടിവരും. അതേപോലെയാണ് തിരഞ്ഞെടുപ്പ് കളരിയിലിറങ്ങുന്ന വനിതകളുടെയും മനസ്. പോസ്റ്ററുകളിലെ വേഷവിധാനത്തിന് ഒരു പരമ്പരാഗത ശൈലിയുണ്ട്. എത്ര വലിയ പുരോഗമന വാദിയാണെങ്കിലും സാരിയാവും പോസ്റ്ററിലെ വേഷം. അല്ലെങ്കിൽ ചുരിദാർ. ജീൻസും ടീഷർട്ടുമിട്ട് പോസ്റ്ററിൽ സ്റ്റൈലായി നിൽക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥി എങ്ങുമുണ്ടാവാനിടയില്ല. കാരണം, കഷണ്ടിക്കൊപ്പം തന്നെയാണ് അസൂയയുടെ സ്ഥാനവും! യുവ വനിതാ സ്ഥാനാർത്ഥിയുടെ മോഡേൺ ലുക്ക് പോസ്റ്ററിന് പുരുഷ ആരാധകരുടെ അംഗീകാരം കിട്ടിയാൽ, എതിർ വശത്ത് സാദാ സാരിയിൽ 'പോസ്റ്ററാ'യ പാവം ചേച്ചിയിലേക്ക് വനിതാവോട്ടുകൾ അറിയാതൊഴുകാൻ സാദ്ധ്യതയേറെയാണ്. കാരണം, തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് അത്ര പ്രാധാന്യമില്ല; സ്ഥാനാർത്ഥിയുടെ ഓരോ ചലങ്ങൾ പോലും വോട്ടിന്റെ ഗതി നിശ്ചയിച്ചു കളയും. (പുരുഷ കേസരികളുടെ പോസ്റ്ററുകളിലും വേഷ വിപ്ളവത്തിന് അത്രവലിയ ഇടമില്ലെന്നത് പ്രത്യേകം സൂചിപ്പിക്കുന്നു)
എളിമ, അതല്ലേ എല്ലാം
വേഷങ്ങളിലെ വൈവിദ്ധ്യം എത്രത്തോളം പെരുകിയാലും സാരിക്ക് അതിന്റേതായ ഒരിടമുണ്ട് സ്ത്രീകളിൽ. എളിമയുടെയും പക്വതയുടെ പ്രതിഫലനം സാരിയിലുണ്ടെന്നാണ് വയ്പ്. കേരളപ്പിറവി, ഓണം, വിഷു ദിനങ്ങളിലൊക്കെ മലയാളി വനിതകൾക്ക് സാരി ഒഴിവാക്കാനാവാത്ത ഒന്നാണ്. തിരഞ്ഞെടുപ്പുകാലത്തും ഇതുതന്നെ സ്ഥിതി. പോസ്റ്ററിന്റെ വഴിയിലേക്ക് വോട്ട് വരണമെങ്കിൽ വോട്ടറുടെ മനസിന്റെയൊരു കോണിലെങ്കിലും ആ പോസ്റ്റർ പതിയണം. അതിന് പോസ്റ്ററിൽ വേണം എളിമയും ആകർഷണീയതയും. ഇതു രണ്ടും സാരിയിൽ സമാസമമുണ്ടെന്ന സ്ത്രീവിശ്വാസമാണ് പോസ്റ്ററുകളിലെ സാരിമയം
ഗോ ചുരിദാർ, ഗോ
ചുരിദാർ ശീലമായിട്ടുള്ള സ്ഥാനാർത്ഥികളോടു സാരി ധരിക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭയിലെയും പഞ്ചായത്തിലെയും യുവ വനിതാ സ്ഥാനാർത്ഥികളിൽ പലരും സാരിയുടുത്താണു ആദ്യ റൗണ്ട് പ്രചാരണത്തിനിറങ്ങിയത്. കോട്ടൺ, ലിനൻ, കോട്ടൺ സിൽക്ക് സാരികളാണ് സ്ഥാനാർത്ഥികൾക്കിടയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഷിഫോൺ,ജോർജെറ്റ് സാരികളോട് തത്കാലം വിട പറഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ.