s

ഉപയോഗശൂന്യമായ ആട്ടിൻകൂട് ആർട്ട് ഗ്യാലറിയാക്കി ദമ്പതികൾ

ആലപ്പുഴ : ആടൊഴിഞ്ഞ കൂട്ടിൽ കലയുടെ കാഴ്ചയൊരുക്കുകയാണ് സൗമ്യയും ഭർത്താവ് ഹരിഹരനും. ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ കുപ്പികളിലും മറ്റ് പാഴ്വസ്തുക്കളിലും വരച്ച ചിത്രങ്ങൾ വയ്ക്കാനിടമില്ലാതെ വന്നതോടെയാണ് മുമ്പ് ആടുകളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഷെഡ് ആർട്ട് ഗ്യാലറിയാക്കാൻ ഈ ദമ്പതികൾ തീരുമാനിച്ചത്.

ഇവരുടെ മനസിലെ രൂപരേഖയ്ക്കൊപ്പം ആശാരിയുടെ കരവിരുത് കൂടി ചേർന്നപ്പോൾ ദ്രവിച്ചുതുടങ്ങിയിരുന്ന ആട്ടിൻകൂട് അടിപൊളി ഗ്യാലറിയായി മാറി. കാഴ്ചയുടെ ചന്തം കൂട്ടാൻ മുളയിലാണ് ഗാലറിയുടെ പുറംചട്ട ഒരുക്കിയത്.ഒരു മാസത്തെ നിർമ്മാണത്തിനൊടുവിൽ തണ്ണീർമുക്കം വാരണം ദേവകി സദനത്തിൽ പത്തടി വീതിയിലും 24 അടി നീളത്തിലും ഗാലറി തയ്യാറായി. ഇതോടെ, വീടിനുള്ളിൽ ചിതറിക്കിടന്ന എല്ലാ കലാരൂപങ്ങളും ഗാലറിയിൽ പ്രവേശിച്ചു.

ചിരട്ടയും കുപ്പിയും ബൾബും എന്ന് വേണ്ട സകല പാഴ്വസ്തുക്കളും രൂപവും ഭാവവും മാറി ഗാലറിയിൽ നിരന്നു. കുഞ്ഞുനാൾ മുതൽക്കേ കലാപരമായ വാസന ഉണ്ടായിരുന്നെങ്കിലും, കഴിവ് പുറത്തെടുക്കാൻ അവസരം ലഭിച്ചത് ലോക്ക് ഡൗൺ കാലത്താണെന്ന് സൗമ്യ പറയുന്നു. ബി.എഡ് ബിരുദധാരിയായ സൗമ്യ ഗസ്റ്റ് അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

കൂട് ദ്രവിച്ച് ഉപയോഗശൂന്യമാകും മുമ്പ് പല തരത്തിലുള്ള അമ്പതോളം ആടുകളുണ്ടായിരുന്നു. എല്ലാത്തിനെയും വിറ്റു. വിറ്റു പോയവയ്ക്കു പകരമായി പുതിയ ആട്ടിൻ കുട്ടികളെ വാങ്ങണമെന്നുണ്ട്. കൂട് ആർട്ട് ഗാലറിയായി രൂപം മാറിയെങ്കിലും, പ്രതികൂല കാലാവസ്ഥയിൽ ആടുകൾക്ക് സുരക്ഷിതമായി പാർക്കാൻ പറ്റിയ രീതിയിലാണ് രൂപകൽപ്പന ചെയ്തത്. പശു, കോഴി, താറാവ്, ടർക്കി, ഗിനി തുടങ്ങിയവയുള്ള വിപുലമായ ഒരു ഫാം ഹൗസ് തന്നെ കുടുംബത്തിനുണ്ട്.

മിഴിവേകാൻ അക്വേറിയവും

പഴയ ആട്ടിൻ കൂടിൽ പ്ലൈവുഡ് വിരിച്ച് ഇരുമ്പുതൂണുകൾ ഉപയോഗിച്ച് തറയിൽ നിന്ന് ഉയർത്തിയാണ് ഗാലറി നിർമ്മിച്ചിരിക്കുന്നത്. അഴി ഭാഗങ്ങളിൽ അക്വേറിയങ്ങൾ സ്ഥാപിച്ച് മനോഹരമാക്കി. ഇതോടെ 66 ഇനം മത്സ്യങ്ങളുടെ വില്പനയും ആരംഭിച്ചു. കലാരൂപങ്ങളുടെ നിർമ്മാണത്തിൽ പിന്തുണയുമായി അമ്മ ശാന്താ പി. നായരും മക്കളായ ദേവികയും ധന്വന്തും സൗമ്യക്കൊപ്പമുണ്ട്.

അലങ്കാര വസ്തുക്കൾ വയ്ക്കാൻ ഇടം തികയാതെ വന്നപ്പോഴാണ് ദ്രവിച്ച് പോയ ആട്ടിൻ കൂടിനെ രൂപം മാറ്റാം എന്ന ആലോചനയിലേക്കെത്തിയത്. ഗാലറി കാണാനായി പലരും എത്തുന്നുണ്ട്.

- സൗമ്യ ഹരിഹരൻ