pra

ജില്ലയിൽ ആദ്യ ജയം എൽ.ഡി.എഫിന്

ആലപ്പുഴ: പ്രചാരണച്ചൂടിലിറങ്ങാതെയും പോളിംഗ് ബൂത്തിൽ സമ്മതിദായകരെ എത്തിക്കാതെയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ജില്ലയിലെ ആദ്യജയം. കുട്ടനാട്ടിലെ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥി കെ.എ.പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. സൂക്ഷ്മപരിശോധനയിൽ മറ്രു സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയതാണ് കാരണം. പ്രമോദിന്റെയും അദ്ദേഹത്തിന്റെ ഡമ്മിസ്ഥാനാർത്ഥി ഉമേഷിന്റെയും പത്രികകൾ മാത്രമാണ് സ്വീകരിച്ചത്. ഉമേഷ് പത്രിക പിൻവലിക്കുന്നതോടെ പ്രമോദ് വിജയിയാവും.

കുട്ടനാട് വികസന സമിതിയുടെ പിന്തുണയോടെ സ്വതന്ത്രനായി വിനോദ് ബി.കെ, ബി.ജെ.പി സ്ഥാനാർത്ഥി അജേഷ്, കോൺഗ്രസിന്റെ ഷിബു, സ്വതന്ത്രനായ വിനു.വി.വിജയൻ എന്നിങ്ങനെ ആറു സ്ഥാനാർത്ഥികൾക്കായി എട്ട് സെറ്ര് പത്രികകൾ സമർപ്പിച്ചിരുന്നതാണ്. മറ്റുവാർഡുകളിൽ നിന്ന് ഇവിടെ വന്നു മത്സരിക്കുന്നവർ, തങ്ങളുടെ വാർഡിലെ താമസക്കാരാണെന്നുള്ള സർട്ടിഫിക്കറ്ര് സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് ചട്ടം. ഈ സർട്ടിഫിക്കറ്റ് പത്രികയ്ക്കൊപ്പം വയ്ക്കാതിരുന്നതാണ് പത്രിക തള്ളാൻ കാരണമായത്. മൂന്നാം വാർഡിൽപ്പെട്ട വിനോദ് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അത് അംഗീകരിച്ചില്ല. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരോ റിട്ടേണിംഗ് ഓഫീസറോ സാക്ഷ്യപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടത്തിലെ 55 (7) വകുപ്പിൽ പറയുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ ഇക്കാര്യം പറയുന്നില്ലെന്നാണ് മറ്റു സ്ഥാനാർത്ഥികളുടെ നിലപാട്. തുടർനടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി അറിയിച്ചു.

പ്രമോദിന് മൂന്നാം വിജയം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈനകരി പഞ്ചായത്ത് മൂന്നാം വാർഡിൽ കെ.എ.പ്രമോദും ബി.കെ .വിനോദും തമ്മിലായിരുന്നു മുഖ്യപോരാട്ടം. അന്ന് 43 വോട്ടുകൾക്ക് വിനോദ് വിജയിച്ചു. പത്രിക തള്ളിപ്പോയിരുന്നില്ലെങ്കിൽ ഇക്കുറി രണ്ടാം വാർഡിൽകഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായേനേ .

സി.പി.എം കൈനകരി വടക്ക് ലോക്കൽ കമ്മിറ്റി അംഗമായ പ്രമോദ് 2000,2005 വർഷങ്ങളിൽ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് വിജയിച്ചിട്ടുണ്ട്. രണ്ട് തവണയും ജില്ലയിലെ ഏറ്റവും വലിയ ഭുരിപക്ഷത്തിനായിരുന്നു ജയം.കർഷകസംഘം മേഖല സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം മേഖല സെക്രട്ടറി, കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, യു.ബി.സി കൈനകരി ബോട്ട് ക്ളബ് രക്ഷാധികാരി തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.