plastic-waste

ആലപ്പുഴ: പഞ്ചായത്ത് തരം തിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ ഗേറ്റിന് മുന്നിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് പരാതി. മണ്ണഞ്ചേരി 9ാം വാർഡിൽ വടക്കേ സ്രാമ്പിക്കൽ ചന്ദ്രഭാനുവിന്റെ വീടിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കഴിഞ്ഞ രണ്ട് മാസക്കാലമായി നീക്കം ചെയ്തിട്ടില്ല. വീടിന്റെ രണ്ട് ഗേറ്റുകളിൽ ഒന്നിന് സമീപമാണ് സ്ഥിരമായി പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിടുന്നത്. മുമ്പ് സമയാസമയങ്ങളിൽ ഇവ നീക്കം ചെയ്തിരുന്നതാണ്. എന്നാൽ ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ആരും തിരിഞ്ഞുനോക്കാതെയായി. കഴിഞ്ഞ ദിവസം പഴകിയ മത്സ്യങ്ങളും ഇതേ സ്ഥലത്ത് നിക്ഷേപിച്ചത് മൂലം പ്രദേശമാകെ ദുർഗന്ധം പരന്നു. പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് പരാതി അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നടപടികളുടെ തിരക്കിലായതിനാൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെന്ന് ചന്ദ്രഭാനു പറഞ്ഞു. എത്രയും വേഗം മാലിന്യങ്ങൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.