ചാരുംമൂട് (ആലപ്പുഴ): രാഷ്ട്രീയ ചുരിക ചുഴറ്റിതിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്ന രേഷ്മയ്ക്ക് എത്ര എതിരാളികൾ വന്നാലും നേർക്കുനേർ നോക്കാമെന്ന് മട്ടാണ്.
കളരിയിൽ പയറ്റിത്തെളിഞ്ഞതിന്റെ ആത്മവിശ്വാസവുമായി
നൂറനാട് പടനിലം നടുവിലേമുറി മിനി ഭവനിൽ രേഷ്മ അങ്കത്തട്ടായി തിരഞ്ഞെടുത്തത്
ഭരണിക്കാവ് ബ്ലോക്ക് നാലാം ഡിവിഷൻ. എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് രംഗപ്രവേശം.
കളരി വേഷത്തിൽ അങ്കത്തിനു നിൽക്കുന്ന രേഷ്മയുടെ പോസ്റ്റർ നവമാദ്ധ്യമങ്ങളി തകർത്തോടുകയാണ്.
കളരിപ്പയറ്റ് രേഷ്മയ്ക്ക് കുട്ടിക്കളിയല്ല. തുടർച്ചയായി മൂന്ന് മണിക്കൂർ അമ്പതു മിനിറ്റ് വടി വീശി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
പടനിലം കടത്തനാട് കെ.പി.സി.ജി.എം കളരിയിൽ ആരോമൽ എം.രാമചന്ദ്രൻ ഗുരുക്കളുടെ ശിക്ഷണത്തിൽ നാലുവർഷമായി കളരി പഠിക്കുന്ന രേഷ്മ കഴിഞ്ഞ മാർച്ചിലാണ് റെക്കാഡ് സ്വന്തമാക്കിയത്.
അണ്ണാമല യൂണിവേഴ്സിറ്റിയിൽ എം.എസ് സി യോഗയ്ക്കു പഠിക്കുന്ന രേഷ്മ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ടുള്ള കഠിന പരിശീലനം തുടരവേയാണ് സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചത്.
ബാലഗോകുലത്തിലും പിന്നീട് എ.ബി.വി.പിയിലും സജീവമായിരുന്നു. തിരഞ്ഞെടുപ്പ് കളരിയിൽ വിജയിച്ചാൽ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകുമെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാ പിന്തുണയുമായി റിട്ട.പട്ടാളക്കാരനായ അച്ഛൻ രാജനും അമ്മ മിനിയും സഹോദരൻ രാകേഷും ഒപ്പമുണ്ട്.