ആലപ്പുഴ : പുലർച്ചെ പത്രവിതരണം. പിന്നെ വോട്ടു പിടിത്തം. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് തോട്ടപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.എച്ച്.വിജയന്റെ ദിനചര്യ ഇപ്പോൾ ഇങ്ങനെ. കേരളകൗമുദിയുടെ ഏജന്റ് കൂടിയായ ഇദ്ദേഹം മത്സരിക്കുന്ന ഡിവിഷനിലടക്കം 600 വീടുകളിൽ പത്രം വിതരണംചെയ്യുന്നുണ്ട്. പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴു മുതൽ 13വരെ വാർഡ് ഉൾപ്പെട്ടതാണ് തോട്ടപ്പള്ളി ഡിവിഷൻ.
ഇതിൽ 13-ാം വാർഡ് ഒഴികെ മറ്റ് വാർഡുകളിൽ വിജയൻ പത്ര വിതരണം നടത്തുന്നു. ഒൻപതിനായിരത്തോളം വോട്ടർമാർ ഉൾപ്പെടുന്ന ഡിവിഷനിൽ പകുതിയിൽ അധികം പേരെയും നിത്യവും കാണുന്നതിനാൽ സ്ഥാനാർത്ഥിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. ശേഷിച്ച വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുന്ന തിരക്കിലാണിപ്പോൾ . 2000-05വർഷത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റായും അതിന് മുമ്പ് രണ്ട് തവണകളിലായി 13വർഷം പഞ്ചായത്ത് അംഗമായും എം.എച്ച്.വിജയൻ പ്രവർത്തിച്ചിരുന്നു. കാൽനൂറ്റാണ്ട് കാലമായി പത്ര ഏജൻസിയുണ്ടെങ്കിലും സ്വന്തമായി വിതരണം ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത് 15 വർഷം മുമ്പാണ്. നേരത്തെ പിതാവ് എം.കെ.ഹരിദാസാണ് ഏജൻസി കാര്യങ്ങൾ നോക്കിയിരുന്നത്. പത്രവിതരണത്തിനിടെ വാഹനം ഇടിച്ചു പിതാവ് മരിച്ചതോടെ പത്രത്തിന്റെ വിതരണച്ചുമതല വിജയൻ ഏറ്റെടുക്കുകയായിരുന്നു.
പുലർച്ചെ മൂന്നിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന വിജയൻ 8.30നാണ് പത്രവിതരണം കഴിഞ്ഞ് മടങ്ങിയെത്തുന്നത്. തുടർന്ന് വോട്ട് ചോദിച്ച് മുന്നണി നേതാക്കൾക്ക് ഒപ്പം പോകും. പത്രവിതരണത്തിനിടെയും വോട്ട് അഭ്യർത്ഥിക്കും. എൽ.ഡി.എഫിലെ ആർ.രാജിയും എൻ.ഡി.എയിലെ ആരോമലുമാണ് വിജയന്റെ പ്രധാന എതിരാളികൾ. പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ തോട്ടപ്പള്ളി സബർമതിയിൽ താമസിക്കുന്ന വിജയന്റെ ഭാര്യ ലളിത. മക്കൾ: പ്രിയദർശിനി, പ്രിയങ്ക.