s

ഡ്രൈവിംഗ് ടെസ്റ്റുകൾ മുടക്കി കൊവിഡ് സർട്ടിഫിക്കറ്റ് പ്രതിസന്ധി

ആലപ്പുഴ: കൊവിഡ് വട്ടം ചാടിയതോടെ മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ, നിയന്ത്രണങ്ങൾക്ക് വിധേയമായി പുനരാരംഭിച്ചപ്പോൾ വിലങ്ങുതടിയായി 'കൊവിഡ് നെഗറ്റിവ്' സർട്ടിഫിക്കറ്റുകൾ. പ്രദേശത്തെ ജനപ്രതിനിധിയിൽ നിന്ന് കൊവിഡ് നെഗറ്റിവ് സാക്ഷ്യപത്രം എഴുതി വാങ്ങിയാണ് പലരും ടെസ്റ്റിൽ പങ്കെടുത്തിരുന്നത്. ജനപ്രതിനിധികളുടെ 'അധികാരം' നഷ്ടമായതിനാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ആരോഗ്യവകുപ്പോ നൽകുന്ന സർട്ടിഫിക്കറ്റുകൾ അനിവാര്യമായി. ആരോഗ്യവകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ കൊവിഡ് പരിശോധന നടത്തണം. തദ്ദേശ സെക്രട്ടറിമാരാവട്ടെ തിരഞ്ഞെടുപ്പ് തിരക്കിലും. ഇതോടെ നിരവധി പേർക്കാണ് അവസരങ്ങൾ പലതവണ നഷ്ടമായത്.

ടെസ്റ്റ് നിശ്ചയിക്കുന്ന ദിവസം പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അട‌ുത്ത തീയതി ലഭിക്കുന്നതുവരെ കാത്തിരിക്കണം. 15 ദിവസം കഴിഞ്ഞു മാത്രമേ പുതിയ തീയതി ലഭിക്കുകയുള്ളൂ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കുറച്ച് പേരെ മാത്രമാണ് ഒരു തീയതിയിൽ ഇറക്കുന്നത്. സാക്ഷ്യപത്രം ഇല്ലാത്തതിനാൽ ഇതിനകം ജില്ലയിൽ ഒട്ടേറെ പേരുടെ ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഡിസംബർ 31 വരെ ടെസ്റ്റിന് ഇറങ്ങേണ്ടവരുടെ തീയതി മോട്ടോർ വാഹന വകുപ്പ് അധികൃതർ നിശ്ചയിച്ചിട്ടുണ്ട്.

ജനപ്രതിനിധികളുടെ ഭരണ കാലാവധി അവസാനിക്കുന്നതു വരെ മുടക്കം കൂടാതെ സാക്ഷ്യപത്രം ലഭിച്ചിരുന്നു. ടെസ്റ്റിനു രണ്ട് ദിവസം മുമ്പാണ് സാക്ഷ്യപത്രം വാങ്ങേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഭൂരിഭാഗം പേരും ആരോഗ്യ വിഭാഗത്തെയാണു ആശ്രയിക്കുന്നത്. ആളെ നേരിട്ട് പരിചയമില്ലാത്തതിനാൽ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിൽ മാത്രമേ ഇവർ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. സ്വകാര്യ ലാബിൽ കൊവിഡ് ആന്റിജൻ പരിശോധനയ്ക്ക് 620 രൂപയാവും. സർക്കാർ ആശുപത്രികളിലും ആരോഗ്യവകുപ്പ് നടത്തുന്ന ക്യാമ്പുകളിലും സൗജന്യ പരിശോധനയ്ക്ക് വിധേയരാവാൻ ഊഴം കാത്തിരിക്കേണ്ടി വരും. കൊവിഡ് പൊസിറ്റീവായ സർക്കാർ ജീവനക്കാർ അടക്കം ക്വാറന്റൈൻ കാലാവധിക്കു ശേഷം പരിശോധനയ്ക്ക് എത്തുമ്പോൾ പോലും രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്.

അധിക 'തലവേദന'

ടെസ്റ്റിന് വരുന്നവർ താമസിക്കുന്ന വാർഡിലെ ജനപ്രതിനിധി, ആശ വർക്കർ, ബി.എൽ.ഒ, പഞ്ചായത്ത് -മുനിസിപ്പൽ സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം ഹാജരാക്കണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. ആരോഗ്യവകുപ്പിനു കീഴിലുള്ള ആശ വർക്കർമാർ സർട്ടിഫിക്കറ്റ് നൽകണമെങ്കിലും പരിശോധനാഫലം നിർബന്ധമാണ്. പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരാണ് ഏക ആശ്രയം. സെക്രട്ടറിമാർ തിരഞ്ഞെടുപ്പിന്റെ അധിക ചുമതല വഹിക്കുന്നതിനാൽ അപേക്ഷ നൽകിയാലും ടെസ്റ്റ് തീയതി കഴിഞ്ഞാവും സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റിന് കൊവിഡ് സാക്ഷ്യപത്രം വേണമെന്ന മാനദണ്ഡം പ്രതിസന്ധിയാണ്. ആരോഗ്യവകുപ്പിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ടെസ്റ്റിന് അറിയിപ്പ് ലഭിക്കുന്നവർ നെട്ടോട്ടമോടുന്ന അവസ്ഥയാണ്

(ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ)