t

ആലപ്പുഴ: ആധുനിക അറവുശാലയെന്നാണ് ആലപ്പുഴ നഗരത്തിൽ വഴിച്ചേരിയിലുള്ള പഴയ അറവുശാലയുടെ പേരെങ്കിലും ഇവിടെ ഇപ്പോൾ നടക്കുന്നത് പ്ളാസ്റ്റിക് മാലിന്യങ്ങളുടെ വേർതിരിക്കൽ മാത്രം. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ്നഗരത്തിലെ അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ വഴിച്ചേരിയിൽ അറവുശാല നിർമ്മിച്ചത്.

മറ്റ് മാലിന്യങ്ങൾ കൂടി ഇവിടേക്ക് അലക്ഷ്യമായി വലിച്ചെറിയാൻ തുടങ്ങിയതോടെ യാത്രക്കാർ ഇതുവഴി മൂക്ക് പൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സ്വീകരിച്ച പദ്ധതികൾ പരാജയപ്പെട്ടതോടെയാണ് 2009 ൽ ഉദ്ഘാടനം ചെയ്ത ആധുനിക അറവുശാല അടച്ചു പൂട്ടേണ്ടി വന്നത്. തുടർന്ന് നഗരത്തിൽ നിന്നു ശേഖരിക്കുന്ന മറ്റു മാലിന്യങ്ങൾ സംഭരിക്കാനുള്ള ഇടമായി ഇവിടം മാറി.

കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കൽ, കാലികളെ പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാരുടെ സേവനം, നൂതന മാലിന്യ സംസ്‌കരണം എന്നിവ നടപ്പാക്കിയെങ്കിലും ഒരുമാസം പോലും തികച്ച് പ്രവർത്തിക്കാൻ അറവുശാലയ്ക്ക് കഴിഞ്ഞില്ല.

തുടക്കത്തിൽ 50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയത്. ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാൻ തുടങ്ങിയത് പ്രതിസന്ധിക്ക് തുടക്കം. പ്രശ്നം പരിഹരിക്കുന്നതിന് കാൽ ലക്ഷം രൂപ മുടക്കി മറ്റൊരു സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും അതും പ്രവർത്തനരഹിതമായി. കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥല സൗകര്യം ഇല്ലായിരുന്നു. വെറ്ററിനറി സർജൻമാരുടെ അഭാവവും പ്രതിസന്ധിക്ക് കാരണമായി. അറവുശാല നിർമ്മാണത്തിൽ അഴിമതി ആരോപണം ഉയർന്നതോടെ ഇതിന്റെ ഫയൽ നഗരസഭയിൽ നിന്ന് കാണാതായതും വിവാദമായിരുന്നു.

 കശാപ്പിനു കുറവില്ല

അറവുശാലയിൽ നിക്ഷേപിക്കുന്ന മാലിന്യം തരം തിരിക്കുന്നത് ഹരിത കർമ്മ സേനയാണ്. അറവുശാലയില്ലാത്ത നഗരങ്ങളിൽ ഇറച്ചി വ്യാപാരം നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആലപ്പുഴ നഗരത്തിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അറവുശാല പൂട്ടിയിട്ട് 10 വർഷം കഴിഞ്ഞെങ്കിലും നഗരത്തിൽ ഇറച്ചി വ്യാപാരത്തിന് ഒരു കുറവുമില്ല. ഇറച്ചിക്കടയുടെ സമീപത്ത് യാതൊരു പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുകയാണ്. നൂറുകണക്കിന് അനധികൃത അറവുശാലകളാണ് നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആധുനിക അറവുശാല ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയെന്ന പേരുദോഷവും ആലപ്പുഴയ്ക്കുണ്ട്.

 പുതിയ അറവുശാല

നിലവിലെ ആധുനിക അറവുശാലയ്ക്ക് താഴ് വീണതോടെ പുതിയത് നിർമ്മിക്കാനുള്ള പരിശ്രമത്തിലായിരുന്നു നഗരസഭ. കിഫ്ബി വഴി പുതിയ അറവുശാല നിർമ്മിക്കാൻ പദ്ധതി ആലോചിച്ചു. എന്നാൽ പരിസ്ഥിതി മലിനികരണ നിയന്ത്രണബോർഡും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും കാരണം പദ്ധതി നടപ്പായില്ല. പുതിയ അറവുശാല നിർമ്മിക്കാൻ ഇപ്പോഴത്തെ ഭരണസമിതിയുടെ അവസാന കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ട്. അറവുശാലയ്ക്ക് പ്രാഥമിക പ്രോജക്ട് തയ്യാറാക്കാൻ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തി.

...........................

ആധുനിക അറവുശാല ഇല്ലാത്ത നഗരമെന്ന പേരുദോഷം ഇല്ലാതാക്കാൻ വഴിച്ചേരിയിൽ തന്നെ അറവുശാല സ്ഥാപിക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ട്. പദ്ധതി തയ്യാറാക്കാൻ ഏജൻസിയെ ഏല്പിക്കുകയും ചെയ്തു

എ.എ.റസാഖ്, ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ