koyaparmbil

ആലപ്പുഴ: അടുത്തടുത്ത വാർഡുകളിൽ ഇടത്, വലത് മുന്നണികൾക്കായി മത്സരിക്കുന്ന 'കോയാപറമ്പൻ സഹോദരങ്ങൾ" ഇപ്പോൾ നാട്ടിലെ സൂപ്പർ താരങ്ങളാണ്. ആലപ്പുഴ നഗരസഭയിലെ ഇരവുകാട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ബഷീർ കോയാപറമ്പൻ മത്സരിക്കുമ്പോൾ സമീപ വാർഡായ മുല്ലാത്ത് വളപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി അനുജൻ നിസാർ കോയാപറമ്പനാണെത്തുന്നത്.

2010ലും ഇതേ വാർഡുകളിൽ സഹോദരങ്ങൾ മത്സരിച്ചിരുന്നു. അന്ന് ബഷീർ വിജയിച്ചു, നിസാർ തോറ്റു. ഇരവുകാട് കോയാപറമ്പിൽ എം.അബുവിന്റെയും പാത്തുമ്മാബീവിയുടെയും മക്കളാണിവർ. കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബമായിരുന്നു ഇവരുടേത്. മക്കൾ ആറുപേർ. അഞ്ച് ആണും ഒരു പെണ്ണും. വലുതായപ്പോൾ ഇതിൽ നാല് പേർ ഇടത്തേക്കും രണ്ടു പേർ വലത്തേക്കും ചാഞ്ഞു. ചെറുപ്പകാലത്ത് ഒരുമിച്ച് താമസിക്കുന്ന നാളുകളിൽ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ ഉയരുന്ന വീട് സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമക്ക് സമാനമായിരുന്നെന്ന് ബഷീർ പറയുന്നു.

ഇന്ന് എല്ലാവരും ഓരോ കുടുംബമായി മാറി താമസിക്കുന്നതിനാൽ രാഷ്ട്രീയ സംവാദങ്ങൾക്ക് അയവു വന്നു. കുടുംബകാര്യങ്ങളിൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കോയാപറമ്പൻമാർ ഒരേ സ്വരത്തിൽ പറയുന്നു. കഴിഞ്ഞ കൗൺസിലിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ബഷീർ മത്സരിക്കുന്ന ഇരവുകാട് വാർഡിലാണ് തന്റെ വോട്ടെങ്കിലും, വ്യക്തിക്കല്ല പാർട്ടിക്കാണ് പ്രാധാന്യമെന്ന് നിസാർ കട്ടായം പറയുന്നു. നിസാറിന്റെ വോട്ട് കിട്ടിയില്ലെങ്കിലും ഇരവുകാട് വാർഡ് തന്നെ മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കുമെന്ന് ആത്മവിശ്വാസത്തോടെ ബഷീറും പറയുന്നു.

നിസാർ സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗമാണ്. രാഷ്ട്രീയ ചേരികളിലെ വ്യത്യസ്‌തതയ്ക്ക് പുറമേ മതേതര കാഴ്ച്ചപ്പാടിനും പേരുകേട്ട തറവാടാണ് കോയാപറമ്പിൽ. സഹോദരൻമാരും അമ്മാവൻമാരുമടക്കം കുടുംബത്തിലെ നിരവധി അംഗങ്ങൾ അന്യമതങ്ങളിൽ നിന്നാണ് ജീവിത പങ്കാളികളെ തിരഞ്ഞെടുത്തത്. ബഷീറിന്റെ ഭാര്യ: ഷിബിന. മക്കൾ: മുഹമ്മദ് അൽതായിഫ്, ആഫ്രിൻ. നിസാറിന്റെ ഭാര്യ: കവിത. മക്കൾ: ഹാഷിൻ മുഹമ്മദ്, ഫിറോസ്.