ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വ്യാപാരികളെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പൊലീസ്-ദല്ലാൾ കൂട്ടുകെട്ടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് ഏജന്റ് ഇപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒളിവിലാണ്. ഇയാളെ അറസ്റ്റുചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് ജില്ലാ കമ്മിറ്റി പരാതി നല്കി. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര,ആർ. സുഭാഷ്, നസീർ പുന്നയ്ക്കൽ, എ.വി. തോമസ്, സുനിൽ മുഹമ്മദ്, ടിപ്പ്ടോപ്പ് ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.