photo

ആലപ്പുഴ: നഗരത്തിൽ അനധികൃത കയ്യേറ്റത്തിലും മാലിന്യനി​ക്ഷേപത്താലും നാശോന്മുഖമായി മാറിയ സീവ്യൂ കനാൽ സൗന്ദര്യവത്കരിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. കാന കെട്ടി സംരക്ഷിക്കുന്നതിനോടോപ്പം ലാന്റ് സ്കേപ്പിലുടെ കനാലിന്റെ ഇരു വശവും മനോഹരമാക്കുന്ന പദ്ധതി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുൻകൈയെടുത്ത് ബഡ്ജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യ വത്കരണം നടത്തുന്നത്. വർഷങ്ങളായി കനാലിന്റെ ഇരുകരകളിലായി 250ൽ അധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ കുടി ഒഴിപ്പിക്കാതെ 22മീറ്റർ നീളത്തിൽ കനാൽ ആണ് നവീകരിക്കുന്നത്. കനാലിന്റെ മദ്ധ്യഭാഗത്ത് നാലുമീറ്റർ വീതിയിൽ നീരൊഴുക്കിനായി കാന നി​ർമ്മി​ക്കും. ഇരുവശവും മൂന്ന് മീറ്റർ വീതിയിൽ നികത്തി പുൽച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

കനാലിൽ യന്ത്രത്തിന്റെ സഹായത്തോടെ മാത്രമേ ജോലികൾ നടത്താൻ കഴിയുകയുള്ളൂവെന്നതിനാൽ ഇപ്പോൾ ജെ.സിഞ്ഞബിയും ഹിറ്റാച്ചിയും ഉപയോഗിക്കുന്നതിനായി കനാലിൽ ഗ്രാവൽ ഇറക്കുന്ന ജോലികൾ ആരംഭിച്ചു. വേഗത്തിൽ കാനയുടെ നിർമ്മാണം ആരംഭിച്ച ശേഷം നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ഇപ്പോൾ കനാലിൽ നിക്ഷേപിച്ച ഗ്രാവലും ചെളിയും കാനയുടെ ഇരുവശത്തും നിറച്ച് പുൽചെടികൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമി​ടുന്നത്. കനാൽ നവീകരിച്ചില്ലെങ്കിൽ മലിനമായ വെള്ളം മുപ്പാലം ഭാഗത്തേക്ക് ഒഴുകിയെത്തി നവീകരണം പൂർത്തികരിച്ച കോമേഴ്സൽ, വാടക്കനാലുകൾ വൃത്തിഹീനമാകും. ഇത് ഒഴിവാക്കാനാണ് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.