t

ആർ.സി ബുക്കിലെ പഴയ മൊബൈൽ നമ്പർ മാറ്റിയെടുക്കാം

ആലപ്പുഴ: നിരത്തിലെ നിയമലംഘകർക്ക് മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിക്കുന്ന ശിക്ഷാവിധികൾ യഥാസമയം വാഹന ഉടമകൾ അറിയുന്നില്ലെന്ന പരാതിക്ക് വകുപ്പുതന്നെ പ്രതിവിധിയുണ്ടാക്കി. വണ്ടിയെടുക്കുന്ന സമയത്ത് നൽകിയ മൊബൈൽഫോൺ നമ്പരിൽ മാറ്റമുണ്ടെങ്കിൽ പുതിയ നമ്പർ

ആർ.സി ബുക്കിൽ ഓൺലൈനായി ഉൾപ്പെടുത്താനുള്ള അവസരം 'പരിവാഹൻ' സൈറ്റിൽ തയ്യാറാക്കിയാണ് മോട്ടോർ വാഹന വകുപ്പ് പരിഹാരം കണ്ടെത്തിയത്.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ ആർ.സി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് വഴിയാണ് വകുപ്പ് അയയ്ക്കുന്നത്. പിഴത്തുക ഓൺലൈൻ ആയോ ഒാഫീസിലോ അടയ്ക്കാം. എന്നാൽ ഇൗ മെസേജ് പലർക്കും ലഭ്യമാകുന്നില്ലെന്നാണ് പരാതി. കോടതിയിൽ നിന്ന് സമൻസ് ലഭ്യമാകുമ്പോഴാണ് നിയമ ലംഘനം അറിയുന്നത്. വാഹനം എടുക്കുന്ന സമയത്ത് നൽകിയ ഫോൺ നമ്പരിലെ തെറ്റോ അല്ലെങ്കിൽ പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നതോ ആണ് ഇതിന് കാരണം. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന നമ്പർ തന്നെയായിരിക്കും ഉടമയുടെ നമ്പരായി പരിവാഹൻ വെബ്‌സൈറ്റിലുണ്ടാകുന്നത്. 75 ദിവസം വരെ പിഴ അടയ്ക്കാത്ത കേസുകളാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോടതിയിലേക്കു വിടുന്നത്.

കാമറ, പരിശോധനയ്ക്കിടെ വാഹനം നിറുത്താതെ പോകുന്നവ, മറ്റുള്ള നിയമ ലംഘനങ്ങൾ തുടങ്ങിയവയ്ക്ക് ഇൗ രീതിയിലാണ് പിഴത്തുക ഇൗടാക്കുന്നത്. തെറ്റായ നമ്പർ മാറ്റി വാഹന ഉടമ ഉപയോഗിക്കുന്ന നിലവിലെ നമ്പർ വകുപ്പിന്റെ ഡിജിറ്റൽ പോർട്ടലായ പരിവാഹനിൽ നൽകാം. ഇല്ലെങ്കിൽ കോടതി നടപടികൾ അടക്കമുള്ള നൂലാമാലകൾ നേരിടേണ്ടിവരും. മൊബൈൽ നമ്പർ ലിങ്ക് ചെയ്താൽ വാഹന ഉടമകൾക്ക് തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും യഥാസമയം പിഴയടയ്ക്കാനും സാധിക്കും.

നമ്പർ മാറ്റാം

പരിവാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിവാഹനിൽ ഓൺലൈൻ സർവീസ് എന്നതിന് കീഴിലുള്ള വെഹിക്കിൾ റിലേറ്റഡ് സർവീസ് സെലക്ട് ചെയ്യുക. ഇതിൽ അപ്‌ഡേറ്റ് മൊബൈൽ നമ്പറിൽ ക്ളിക്ക് ചെയ്ത് വാഹനത്തിന്റെ എൻജിൻ നമ്പറും ചേസിസ് നമ്പറും നൽകിയാൽ മൊബൈൽ നമ്പർ മാറ്റാൻ സാധിക്കും.

വിവരങ്ങൾ വിരൽത്തുമ്പിൽ

സമഗ്രമായ ഒരു ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമാണ് ഇ- ചലാൻ. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും. കൂടാതെ ആപ്ലിക്കേഷനിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടും. രാജ്യത്തെവിടെയുമുള്ള വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമാകും. ഇതോടെ വ്യാജ ലൈസൻസും വ്യാജ നമ്പർ പ്ലേറ്റും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ കുടുങ്ങും.

മോട്ടോർവാഹന വകുപ്പ് കേസുകളുടെ വിവരങ്ങൾ ഓൺലൈനായി അയയ്ക്കുന്നുണ്ട്. ആർ.സി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേക്കാണ് എസ്.എം.എസ് വഴി പിഴത്തുകയുടെ വിവരങ്ങൾ എത്തുന്നത്. എന്നാൽ പലർക്കും ഇത് കിട്ടുന്നില്ലെന്ന പരാതി എത്തുന്നുണ്ട്. പരിവാഹൻ സൈറ്റിൽ കയറി വാഹന ഉടമ ഉപയോഗിക്കുന്ന മൊബൈൽനമ്പർ അപേഡേറ്റ് ചെയ്യണം

(മോട്ടോർ വാഹന വകുപ്പ് അധികൃതർ)