കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ ഇന്ന് നിലവറ ദീപത്തിന് തിരിതെളിയുന്നതോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും. പട്ടമന ഇല്ലത്തെ നിലവറയിൽ നിന്നുംക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തെളിയിക്കുന്ന ദീപം കൊടിമരച്ചുവട്ടിൽ തയ്യാറാക്കിയിരിക്കുന്ന നിലവിളക്കിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുക. . തുടർന്ന് വൈകുന്നേരം കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് നടക്കും. 29നാണ് ഈ വർഷത്തെ പൊങ്കാല മഹോത്സവം. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാകും നടക്കുകയെന്ന് മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.
ഭക്തജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് സർക്കാർ നിയന്ത്രണം ഉള്ളതിനാൽ ഈ വർഷംക്ഷേത്രകോമ്പൗണ്ട്,റോഡിന്റെ ഇരുവശങ്ങൾ മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊങ്കാല ഇടുന്നതിന് സൗകര്യം ഉണ്ടായിരിക്കില്ല.. പകരം ക്ഷേത്രത്തിൽ തയ്യാറാക്കുന്ന പണ്ടാര പൊങ്കാലയിൽ പേരും നാളും നൽകി ഭക്തർക്ക് പങ്കെടുക്കാം. പൊങ്കാല ദിവസം രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10ന്‌ദേവിയെ പുറത്തേക്കെഴുന്നള്ളിച്ച് കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകരും. കൂട്ടം കൂടുന്നതിന് നിയന്ത്രണം ഉള്ളതിനാൽ പണ്ടാരപൊങ്കാലയിൽ അരി സമർപ്പിക്കുന്നതിന് ഭക്തജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക്.12ന് പൊങ്കാല നിവേദ്യം,ശേഷം ദേവിയെ അകത്തെഴുന്നളളിച്ച് ഉച്ചദീപാരാധനയും ദിവ്യ അഭിഷേകവും നടത്തും.വൈകുന്നേരം കാർത്തിക വിളക്കും, കാർത്തിക സ്തംഭം കത്തിക്കലും നടക്കും. ക്ഷേത്രദർശനം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ്‌പ്രോട്ടോകോൾ പാലിച്ചു മാത്രമായിരിക്കും. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പൊങ്കാലയിൽ പങ്കെടുക്കുവാൻ സാധിക്കാത്ത ഭക്തജനങ്ങൾ സ്വന്തം ഭവനങ്ങളിൽ കാർത്തിക ദീപം തെളിക്കണം. പണ്ടാര പൊങ്കാലയിൽപേരും നാളും നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും 04772213550, 9447104242,8943218902 എന്നി നമ്പരുകളിൽ ബന്ധപ്പെടണം.