ഹരിപ്പാട്: നവംബർ 26 നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ പ്രാദേശിക പൊതുയോഗങ്ങൾ നടത്തി. പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, വികലമായ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയവും പൊതുമേഖലാ സ്വകാര്യവത്കരണ നയങ്ങളും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് . വിവിധ കേന്ദ്രങ്ങളിൽ നടന്ന പൊതുയോഗങ്ങൾ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി പി അനിൽകുമാർ, ടി കെ മധുപാൽ, ആർ സുശീലദേവി, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ്‌ ആർ സോമരാജൻ, ജില്ലാ ട്രെഷറർ രമേശ്‌ ഗോപിനാഥ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ നേതാക്കളായ ജെ ശിവദാസ്, രാകേഷ്, എൻ.ജി.ഒ യൂണിയൻ നേതാക്കളായ എ എസ് മനോജ്‌, ബി ബിനു എന്നിവർ സംസാരിച്ചു.