മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടന്ന നിക്ഷേപ തട്ടിപ്പിനിരകളായവർ നടത്തിയ അനിശ്ചിതകാല സമരം ബാങ്ക് ഭരണസമിതിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ താല്ക്കാലികമായി നിർത്തിവച്ചു. ഇന്നലെ നടന്ന മൂന്നാം ദിവസത്തെ സമരം നിക്ഷേപകരുടെ വൻ പങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. ഇതിനിടെ ബാങ്കിന്റെ ബോർഡ് മീറ്റിംഗ് നടക്കുന്നിടത്തേക്ക് നിക്ഷേപകർ പ്രവേശിച്ചത് വാക്കേറ്റത്തിന് കാരണമായി. സംഘർഷവാസ്ഥ ഉണ്ടായെങ്കിലും പിന്നീട് ഭരണസമിതി നിക്ഷേപകരുമായി ചർച്ചക്ക് തയ്യാറായതോടെ പ്രശ്നങ്ങൾക്ക് വിരാമമായി. ഡിസംബർ 30ന് മുമ്പ് സഹകരണ ജോയിന്റ് രജിസ്ട്രാറിന്റെ മദ്ധ്യസ്ഥതയിൽ ഭരണസമിതിയും നിക്ഷേപക കൂട്ടായ്മയുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി നിക്ഷേപകർക്ക് തുക പലിശ സഹിതം മടക്കി നൽകാനുള്ള പദ്ധതിക്ക് രൂപം കൊടുക്കാമെന്ന് ഭരണസമിതി ഉറപ്പ് നൽകി. തുടർന്ന് നിക്ഷേപക കൂട്ടായ്മ മൂന്നു ദിവസങ്ങളായി നടത്തിവന്ന സമരം താല്ക്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.