mert

മാന്നാർ : വിളിപ്പുറത്ത് ഓടിയെത്തുന്ന മാന്നാറിന്റെ സൈന്യമാണ് മാന്നാർ എമർജൻസി റെസ്‌ക്യു ടീം എന്ന മെർട്ടെന്ന് മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും കോവിഡ് 19 ആലപ്പുഴ ജില്ലാ നോഡൽ ഓഫീസറുമായ ഡോ.സാബു സുഗതൻ പറഞ്ഞു. മാന്നാറിന്റെ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന മാന്നാർ എമർജൻസി റെസ്‌ക്യു ടീമിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ കൊച്ചീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ,റോഡ് അപകടങ്ങളിൽപ്പെട്ട് കിടന്ന ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മനസ്സ് കാണിച്ച മെർട്ടിന്റെ പ്രവർത്തകർ,
അപകടത്തിൽ പെട്ട ആളിനെ നാല്പത് മിനിറ്റ് കൊണ്ട് മാന്നാറിൽ നിന്ന് വൈക്കം ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ആംബുലൻസ് ഡ്രൈവർ, ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം അംഗങ്ങൾ ,മാന്നാർ മീഡിയ സെന്റർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ മെർട്ട് പ്രസിഡന്റ് രഘുധരൻ അധ്യക്ഷനായി. മെർട്ട് സെക്രട്ടറി അൻഷാദ് സ്വാഗതം പറഞ്ഞു. മാന്നാർ എസ്.ഐ. കെ.എൽ മഹേഷ്, ഫയർ ആൻഡ് റെസ്‌ക്യു ചെങ്ങന്നൂർ സ്റ്റേഷൻ അസി.ഓഫീസർ ശംഭു നമ്പൂതിരി, മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം അസി.മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, ഡോ. ജ്യോതി ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ജയമോഹൻ,മാന്നാർ മീഡിയ സെന്റർ ഭാരവാഹികളായ സാജു ഭാസ്‌കർ, മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു.