അരൂർ: ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിനു സമീപം കാറിടിച്ചു കാൽനടയാത്രികൻ മരിച്ചു. ചന്തിരൂർ വെളുത്തുള്ളി പുതുവൽ നികർത്ത് വീട്ടിൽ വിജയൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ചന്തിരൂർ സ്ക്കൂൾ സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ചങ്ങനാശ്ശേരിയിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ വിജയനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗതയിലായിരുന്ന കാർ മൂന്ന് കടകളുടെ മുൻവശം തകർത്ത ശേഷം സമീപത്തെ മതിലിൽ ഇടിച്ചു തെന്നി മുന്നോട്ട് നീങ്ങുകയും റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു നിൽക്കുകയുമായിരുന്നു. കാറിന്റെ പിൻഭാഗത്തെ ടയർ പഞ്ചറായി. എയർ ബാഗ് ഉണ്ടായിരുന്നതിനാൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രമണിയാണ് വിജയന്റെ ഭാര്യ. മക്കൾ: സുജിത്ത്, വിജിത, അനു. മരുമക്കൾ: ചിഞ്ചു, അഭിലാഷ്.