photo

ചേർത്തല: സ്ഥാനാർത്ഥിയാണെന്നതു ശരിതന്നെ. പക്ഷേ, എതിരാളിക്കു വേണ്ടിയും ചുവരെഴുത്തിന് തയ്യാറാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി മറ്റത്തിൽ മർഫി. യഥാർത്ഥ രാഷ്ട്രീയക്കാരനാണെങ്കിലും തൊഴിലിൽ രാഷ്ട്രീയമില്ലെന്ന നിലപാടുകാരനാണ് മർഫി എക്കാലവും.

വർഷങ്ങളായി തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാർട്ടികൾക്കു വേണ്ടിയും മർഫി ചുവരെഴുതും. അന്തരിച്ച പിതാവ് മണി ആശാൻ (ആർട്ടിസ്​റ്റ് മണി) ആണ് ഗുരു. പിതാവ് പകർന്നു നൽകിയ തൊഴിൽ ജീവിതത്തിൽ തുണയായി. മുഹമ്മ പഞ്ചായത്തിന് പുറമേ മണ്ണഞ്ചേരി,കഞ്ഞിക്കുഴി,തണ്ണീർമുക്കം പഞ്ചായത്തുകളിലും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്രർക്കുമായി മർഫി ചുവരെഴുന്നുണ്ട്. മത്സരിക്കുന്ന സ്വന്തം വാർഡിൽ എതിർ സ്ഥാനാർത്ഥികൾ ആരെങ്കിലും സമീപിച്ചാലും മാറി നിൽക്കില്ലെന്ന് മർഫി പറയുന്നു. മണി ആൻഡ് കമ്പനി എന്ന പേരിൽ മുഹമ്മയിൽ സ്ഥാപനം നടത്തുന്ന മർഫി ഗ്രാഫിക് ഡിസൈനിംഗ്,സ്​റ്റിക്കർ കട്ടിംഗ്,പരസ്യ ബോർഡ് എന്നീ മേഖലകളും കൈകാര്യം ചെയ്യുന്നുണ്ട്.

ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിങ്ങുന്നത്. നേരത്തെ എസ്.എൻ.ഡി.പി യൂത്ത് മൂവ് മെന്റ് ,സൈബർ സേന മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ബി.ഡി.ജെ.എസ് മുഹമ്മ പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ്, നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഒഴിഞ്ഞാണ് ബി.ജെ.പിയിൽ ചേർന്നത്. ഇപ്പോൾ ബി.ജെ.പി മുഹമ്മ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. കർമ്മ കൾച്ചറൽ ഫോറം,കാവൽക്കണ്ണ് ജനറൽ കൺവീനർ, കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മ എന്നീ സാംസ്‌കാരിക സംഘടനകളിലും പ്രവർത്തിക്കുന്നുണ്ട്.