photo

ആലപ്പുഴ: സ്ഥാനാർത്ഥികളും ഒപ്പംവരുന്നവരും ഗേറ്റിനുള്ളിലേക്ക് കൂട്ടത്തോടെ പ്രവേശിക്കരുതെന്ന് അപേക്ഷിക്കുകയാണ് ആലപ്പുഴ നഗരസഭ സക്കറിയ വാർഡിലെ വോട്ടർ കെ.നാസർ. ജില്ലാ ശിശുക്ഷേമ സമതി എക്സിക്യുട്ടിവ് അംഗവും ആരോഗ്യപ്രവർത്തകനും വ്യാപാരിയുമായ നാസർ സക്കറിയ ബസാറിന് തെക്കുഭാഗത്തുള്ള അജൂസ് വീടിന്റെ ഗേറ്റിൽ ഇക്കാര്യം വ്യക്തമാക്കി ബോർഡും തൂക്കി.

നഗരസഭയിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കന്നത് ഈ വാർഡിലാണ്. സ്വതന്ത്രരും വിമതരുമടക്കം 13 പേരാണ് നാമനിർദേശ പ്രതിക സമർപ്പിച്ചിട്ടുള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന ഒരാൾ വോട്ട് അഭ്യർത്ഥനയ്ക്കായി വീട്ടിലെത്തിയത് 15 പേരുമായിട്ടാണെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൂടിയായ കെ.നാസർ പറഞ്ഞു. അതുകൊണ്ടുതന്നെ 'കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ വീട്ടിൽ കുട്ടികളും മുതിർന്നവരും ഉള്ളതിനാൽ വോട്ട് ചോദിക്കാനായി ആരും വരരുത്. വിവേകപൂർവ്വം വോട്ട് ചെയ്തുകൊള്ളാം' എന്ന് രേഖപ്പെടുത്തിയ ബോർഡ് വീടിനുമുന്നിൽ തൂക്കേണ്ടിവന്നു.

പ്രായമായവരും കുട്ടികളുമുള്ള വീടുകളിലേക്ക് ഇത്രയേറേ പേർ ഈ അവസരത്തിൽ വരുന്നത് ശരിയായ രീതിയല്ലെന്നും സ്ഥാനാർത്ഥികൾക്കും പാർട്ടിക്കാർക്കും ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ലെങ്കിലും പൊതുതാല്പര്യം മുൻനിറുത്തിയാണ് ഇതിന് നിർബന്ധിതനായതെന്നും നാസർ പറഞ്ഞു. തൊട്ടടുത്ത വാർഡുകളിലെ പ്രവർത്തകർ പോലും വീട്ടിലേക്ക് കൂട്ടത്തോടെ എത്തുന്നുണ്ട്. വിവേകപൂർവ്വം വോട്ട് വിനിയോഗിക്കാമെന്ന ബോർഡിലെ ഉറപ്പ് പാലിക്കുമെന്നും നാസർ വിശദീകരിക്കുന്നു.