ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരചിത്രം വ്യക്തമാകും. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക നിരക്കുന്നതോടെജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ ഉഷാറാകും.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ 11,050 പത്രികകൾ സ്വീകരിച്ചിട്ടുണ്ട്. 329 എണ്ണം തള്ളിയിരുന്നു. ജില്ലാ പഞ്ചായത്തിലേക്കു സമർപ്പിച്ച മുഴുവൻ നാമനിർദേശ പത്രികകളും സ്വീകരിച്ചു. 1585 പത്രികകൾ നഗരസഭകളിലുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 941ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 8280ഉം പത്രികളാണ് നിലവിലുള്ളത്. മൂന്ന് മുന്നണികളിലും പല വാർഡുകളിലും ഡിവിഷനുകളിലും ഒന്നിലധികം പേർ നാമനിർദേശ പത്രികകൾ നൽകിയിട്ടുണ്ട്. ഇവരെ മത്സര രംഗത്തുനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി മുന്നണി നേതാക്കൾ. ഇന്ന് വൈകുന്നേരത്തോടെ ആരോക്കെ മത്സര രംഗത്ത് ഉണ്ടെന്ന ചിത്രം വ്യക്തമാകും.