കറ്റാനം: സഭാതർക്കത്തിൽ യാക്കോബായ സുറിയാനി സഭയ്ക്ക് നേരെ നടക്കുന്നത് നീതി നിഷേധമെന്ന് ആരോപിച്ച് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന സൂചനാ സമരത്തിന്റെ ഭാഗമായി കട്ടച്ചിറ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ വിശ്വാസികൾ പ്രതിഷേധ മതിൽ തീർത്തു. രാവിലെ 7 ന് ആരംഭിച്ച സമരം 11 ന് സമാപിച്ചു. ഫാ. സഞ്ജയ് ബാബു ഉദ്ഘാടനം ചെയ്തു. നീതിക്കു വേണ്ടി ഏതറ്റം വരെ പോകുമെന്നും, ചില കോടതിവിധികൾ നടപ്പാക്കുകയും ചിലതു നടപ്പാക്കാതിരിക്കുന്നതും അപലപനീയമാണെന്നും ട്രസ്റ്റി അലക്സ് എം.ജോർജ് പറഞ്ഞു. ഇടവക ട്രസ്റ്റിക്ക് താക്കോൽ കൈമാറണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇതുവരെയും കട്ടച്ചിറയിൽ നടപ്പാക്കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയിട്ടത് ഏറെ നേരം സംഘർഷത്തിനിടയാക്കി. തുടർന്ന് വിശ്വാസികൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുറത്തികാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വിശ്വാസികളെ സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ അനുവദിച്ചു. എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ യാക്കോബായ ഇടവക വിശ്വാസികൾക്ക് സെമിത്തേരിയിൽ കയറി പ്രാർത്ഥിക്കാൻ അവസരം നൽകണമെന്ന് പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് വിശ്വാസികൾ പ്രതിഷേധ സമരം അവസാനിപ്പിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.