ചേർത്തല: പത്രിക പിൻവലിക്കാനുള്ള സമയം ഒന്നവസാനിക്കാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ചേർത്തലയിലെ വോട്ടർമാർ. കലങ്ങി മറിഞ്ഞുകിടക്കുന്ന കളമൊന്ന് തെളിഞ്ഞാൽ മാത്രമേ നേർക്കുനേർ പോർവിളി ആരംഭിക്കാൻ കഴിയൂ എന്നതിനാൽ പാർട്ടി പ്രവർത്തകരും ഉദ്വേഗത്തിലാണ്.

ചേർത്തല നഗരസഭയിൽ 35 വാർഡുകളിലെ 173 സ്ഥാനാർത്ഥികൾക്കായി 335 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് 30-ാം വാർഡിലാണ്.ഇവിടെ മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമേ ആംആദ്മി സ്ഥാനാർത്ഥിയും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയും ഉൾപ്പെടെ 8 പേരാണ് മത്സര രംഗത്തുള്ളത്. 2, 28 വാർഡുകളിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ മാത്രമാണുള്ളത്.

ഇക്കുറി അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. ഇരുമുന്നണികളിൽ നിന്നായി 5 മുൻ അദ്ധ്യക്ഷൻമാരും മുൻ കൗൺസിലർമാരിൽ 8 പേരും മത്സര രംഗത്തുണ്ട്.എൽ.ഡി.എഫിൽ ഒരു ജനറൽ സീറ്റിൽ ഉൾപ്പെടെ 19 വനിതകളും യു.ഡി.എഫിലും എൻ.ഡി.എയിലുമായി 18 വീതം വനിതകളും മത്സരിക്കുന്നു. മൂന്നു മുന്നണികളും കൂടുതൽ പുതമുഖങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളിൽ എൽ.ഡി.എഫിലെ മുൻ ചെയർപേഴ്സൺ എലിക്കുട്ടി ജോണാണ് ഏറ്റവും പ്രായം കൂടിയ ആൾ. 32-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന 21 വയസുള്ള അമൃത ഉദയകുമാറാണ് ഇളമുറക്കാരി. 23 കാരിയായ അംജിതയാണ് 19-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി.

യു.ഡി.എഫിലും എൽ.ഡി.എഫിലും റിബലുകളുടെയും അപരൻമാരുടെയും ഭീഷണി വലുതാണ്. ഇന്നലെ രാത്രി വൈകിയും ഇവരെ പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന വോട്ടുകൾ വിജയ പരാജയങ്ങൾ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ റിബലുകൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവും.