മാവേലിക്കര: ദിവാൻ രാമസ്വാമി അയ്യരുടെ ഭരണത്തേക്കാൾ ഭീകരമായ സ്വേച്ഛധിപത്യത്തിലേക്ക് കേരളം കമ്യൂണിസ്റ്റ് ദിവാനായ പിണറായി വിജയന്റെ ഭരണത്തിൽ കൂപ്പുകുത്തുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഭയരഹിതമായ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശത്തെ അഴിമതിയിൽ മൂടിയ സംസ്ഥാന സർക്കാരിനെ രക്ഷിക്കാൻ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് നയം ജനങ്ങളുടെ നേരെയുള്ള വെല്ലുവിളിയും ലെജിസ്ലേറ്റീവ് തീവ്രവാദവുമാണെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. കേരള പൊലീസ് നിയമത്തിലെ വകുപ്പ്‍ 118 എ പൊലീസിന് പത്രമാദ്ധ്യമങ്ങൾ ഉൾപ്പെടെ ആർക്കെതിരെയും കേസെടുക്കാനും പീഡിപ്പിക്കാനുമുള്ള ബ്ലാങ്ക് ചെക്കാണ്. സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും അടക്കമള്ള അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയാൽ കൽത്തുറുങ്കിൽ അടയ്ക്കുമെന്ന പിണറായി വിജയന്റെ തിട്ടൂരത്തെ ജനാധിപത്യ കേരളീയ സമൂഹം ഒന്നടങ്കം എതിർക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.