a

മാവേലിക്കര: കുന്നേത്ത് ഭാഗത്തിൽ നിന്ന് കുറത്തികാട് സ്കൂളിലേക്ക് പോകുന്ന ഇടവഴിയുടെ നിർമ്മാണം വിവാദത്തിൽ. കരാറുകാരൻ നാലടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്ത് കടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് വാർഡിന്റെയും പള്ളിക്കൽ ഈസ്റ്റ് വാർഡിന്റെയും അതിർത്തി പങ്കിടുന്ന റോഡാണ് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ ഇപ്പോൾ നിർമ്മിക്കുന്നത്.

റോഡിന് വീതി കൂട്ടാനെന്ന പേരിൽ ജെ.സി.ബി ഉപയോഗിച്ച് യാതൊരു മാനദണ്ഡവുമില്ലാതെ ഗ്രാവൽ കടത്തുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സമീപത്തെ വീടുകളുടെ മതിലുകൾ ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലായി. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി നാട്ടുകാരും കരാറുകാരനും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇനി മണ്ണ് കടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.