s

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യവേദി സമൂഹമാദ്ധ്യമങ്ങളിലേക്ക് ചുരുങ്ങിയതോടെ സൈബർ ആക്രമണങ്ങളും പെരുകി. സ്വന്തം സ്ഥാനാർത്ഥിയെ പ്രകീർത്തിക്കുന്നതിനേക്കാളുപരി എതിരാളിയെ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമമാണ് സൈബറിടങ്ങളിൽ വ്യാപകം.

രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പലപ്പോഴും പ്രചരിപ്പിക്കുന്നത്. ഒരു പോസ്റ്റിന് മറുപോസ്റ്റിട്ട് പ്രതികരണങ്ങൾ ഏറുമ്പോൾ സൈബറിടം പലപ്പോഴും വാഗ്വാദങ്ങളാൽ നിറയുന്നു. സ്ഥാനാർത്ഥികൾക്ക് സമയമില്ലാത്തതിനാൽ അണികളാണ് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇടുന്ന പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ടകൾ. ഇതിന് വേണ്ടി വിവിധ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നു. മുന്നണികൾക്ക് പൊതുവായും, വാർഡ് അടിസ്ഥാനത്തിലും സൈബർ ടീമുകളുണ്ട്. സൈബറിടത്തിൽ ചിലവഴിക്കാൻ സമയമുള്ള യുവാക്കളെയാണ് സോഷ്യൽ മീഡിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വിവിധ മുന്നണികളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും പ്രചാരണം തകൃതിയാണ്.

കീഴടങ്ങാതെ 'പോരാളികൾ"

തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന രണ്ട് ഫേസ്ബുക്ക് പേജുകളാണ് 'പോരാളി ഷാജി'യും 'പോരാളി വാസു'വും. മറ്റ് സമയങ്ങളിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ഇരു പേജുകളും സജീവമാണെങ്കിലും, പ്രചാരണ കാലത്താണ് ഇരു പക്ഷത്തും ഏറ്റവുമധികം പോസ്റ്റുകൾ പൊങ്ങി വരുന്നത്. സി.പി.എമ്മിന്റെ സൈബർ മുഖമായി പരിഗണിക്കപ്പെടുന്ന പോരാളി ഷാജിയിൽ നിലവിൽ ഏഴു ലക്ഷത്തിലധികം അംഗങ്ങളുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവതരിച്ച കോൺഗ്രസിന്റെ പോരാളി വാസുവിൽ താരതമ്യേന അംഗസംഖ്യ കുറവാണ്. എങ്കിലും കുറിക്കു കൊള്ളുന്ന പോസ്റ്റുകൾക്കും ട്രോളുകൾക്കും പഞ്ഞമില്ല. രാഷ്ട്രീയ എതിരാളികൾക്കു നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളിമാരുടെ പ്രധാന ജോലി. എതിരാളുകളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുക, നയവ്യതിയാനങ്ങൾ ഉയ‌ർത്തിക്കാട്ടുക എന്നിവയും പ്രധാനമാണ്. പ്രധാന പോരാളിമാർക്ക് പുറമേ, തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രം ജൻമമെടുക്കുന്ന നിരവധി വ്യാജ അക്കൗണ്ടുകളും പ്രചാരണക്കളത്തിൽ സജീവമാണ്.

വാട്സ് ആപ്പും സജീവം

ഓരോ വാർഡ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. പരമാവധി അംഗങ്ങളെ തങ്ങളുടെ ഗ്രൂപ്പിൽ അംഗമാക്കാൻ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന, പ്രകടന പത്രിക തുടങ്ങിയവ നേരിട്ട് കൈമാറുന്നതിനെക്കാളും പ്രചാരമാണ് വാട്സ് ആപ്പിലൂടെ അയക്കുമ്പോൾ ലഭിക്കുന്നത്.