photo

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളെല്ലാം ഒഴിവാക്കി, ഇതിന് ചെലവാകുമായിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവച്ചുകൊണ്ട് വോട്ട് അഭ്യർത്ഥന വേറിട്ടതാക്കിയിരിക്കുകയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി മൈക്കിൾ ജാക്സൺ. പോസ്റ്ററോ ബാനറോ ചുവരെഴുത്തോ ഒന്നുമില്ല. വോട്ടറെ കാണുമ്പോൾ കൈ ഉയർത്തിക്കാട്ടും. ചിഹ്നമായി, വോട്ട് അഭ്യർത്ഥനയും! തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാക്സൺ വാർഡിൽ രണ്ടാമത് ജനവിധി തേടുന്നത്. .

2010ലെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. പിന്നീട് വനിതാ സംവരണമായി. ഇപ്പോൾ വീണ്ടും കോൺഗ്രസ് സീറ്റ് നൽകി. സന്മനസുള്ളവർ നൽകുന്ന സംഭാവനയും ജയിച്ചാൽ തനിക്ക് കിട്ടുന്ന ശമ്പളവും ചേർത്ത് നാട്ടുകാർക്ക് പ്രയോജനപ്പെടും വിധം ഒരു ആംബുലൻസ് വാങ്ങുകയാണ് ലക്ഷ്യം. വോട്ട്ചോദിച്ച് എത്തുന്ന വീടുകളിൽ ആളില്ലെങ്കിൽ, താൻ എത്തിയെന്ന തെളിവിനായി ഒരു ചെറിയ അറിയിപ്പ് നോട്ടീസ് മാത്രം വയ്ക്കും.

തീരദേശ വാർഡായ ഓമനപ്പുഴയിൽ കഴിഞ്ഞ തവണ താൻ മെമ്പറായിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്ക് ബോദ്ധ്യമുണ്ടെന്ന് ജാക്സൺ പറയുന്നു.

പത്രിക സമർപ്പണം കഴിഞ്ഞ് ഇതിനകം രണ്ട് തവണ വോട്ടർമാരെ നേരിൽ കണ്ടു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് ജാക്സൺ പറയുന്നു.