s

ആലപ്പുഴ: സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ ഒത്തൊരുമയോടെ മുന്നേറുമ്പോഴും ചില ഉന്നത നേതാക്കളുടെ നിലപാടുകൾക്കെതിരെ ജില്ലയിലെ സി.പി.എമ്മിനുള്ളിൽ വിമർശനമുയരുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്നെത്തിയ ചുമതലക്കാർ തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത് ഫലത്തെ ബാധിക്കുമോയെന്നും ജില്ലയിലെ നേതാക്കൾക്ക് ആശങ്കയുണ്ട്.

ജില്ലാതലത്തിൽ നടക്കുന്ന നിർണായക യോഗങ്ങളിൽപ്പോലും മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം പങ്കെടുപ്പിക്കാൻ, സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയവർ തയ്യാറാവുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. പിണറായിയും കോടിയേരിയും സെക്രട്ടറിമാരായിരുന്നപ്പോൾ ഈ നിലപാടായിരുന്നില്ല പിന്തുടർന്നിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ആദ്യമായി രംഗത്തെത്തിയപ്പോൾ അവരുടെ ശക്തി കേന്ദ്രമായ ആലപ്പുഴയിൽ പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് ജി.സുധാകരനെ ആയിരുന്നു. ബി.ഡി.ജെ.എസ് സാന്നിദ്ധ്യത്തിനിടയിലും ജില്ലയിൽ മികച്ച വിജയം നേടാൻ അന്ന് എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. സെക്രട്ടറി എന്ന നിലയിൽ സജി ചെറിയാന്റെയും ആർ.നാസറിന്റെയും പങ്ക് ഈ വിജയത്തിൽ നിർണായകമായിരുന്നു. തുടർന്ന് സജി ചെറിയാൻ എം.എൽ.എ ആയപ്പോഴാണ് ആർ.നാസർ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
സംഘടനാ തിരഞ്ഞെടുപ്പ് അടുത്തു വരവേ പാർട്ടി പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് ഔദ്യോഗിക വിഭാഗം സംശയിക്കുന്നു. ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധിയായി എത്തിയ ആളെ ഉപയോഗിക്കുകയാണെന്നും ചർച്ചയുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായി നിലകൊള്ളുന്ന ജില്ല പിടിച്ചെടുക്കാൻ കഴിഞ്ഞ മൂന്നു തവണ പയറ്റി പരാജയപ്പെട്ട നീക്കത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നും ഇവർ സംശയിക്കുന്നു. അതിനിടെ, ജി.സുധാകരനെ ജില്ലയുടെ ചുമതലയിൽ നിന്നും മാറ്റിയെന്ന് ജനപ്രതിനിധിയായ യുവനേതാവ് യു.ഡി.എഫ് കേന്ദ്രങ്ങളിലടക്കം പ്രചരിപ്പിച്ചതും പാർട്ടി ഗൗരവമായി കാണുന്നു.

മാരാരിക്കുളത്ത് സമവായമായില്ല

മാരാരിക്കുളം ഏരിയാ സെക്രട്ടറി കെ.ഡി. മഹീന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്നുണ്ടെങ്കിലും സെക്രട്ടറിയായി പകരം ആളെ സമവായത്തിലൂടെ കണ്ടെത്താനായിട്ടില്ല. സെക്രട്ടറി സ്ഥാനത്തുള്ളവർ സ്ഥാനമൊഴിഞ്ഞ ശേഷം മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശവും അതു കാരണം പാലിക്കപ്പെട്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കാൻ ആദ്യം ആലോചിച്ചിരുന്ന കെ.ടി.മാത്യുവിനെ ഏരിയ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. എന്നാൽ സീനിയറായ രഘുനാഥിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരാനായിരുന്നു ഭൂരിപക്ഷ താത്പര്യം. ഇതോടെ സമവായം നടപ്പായില്ല. ഇങ്ങനെ ഒരു അനാവശ്യ തർക്കത്തിലേക്ക് നയിച്ചത് സ്ഥാനാർത്ഥി നിർണയം നടത്തിയ രണ്ട് മുതിർന്ന നേതാക്കളുടെ ഇടപെടലുകളാണെന്ന് മാരാരിക്കുളത്തെ പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.