ആലപ്പുഴ: പത്രിക പിൻവലിക്കൽ കഴിഞ്ഞതോടെ ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി.പ്രചാരണ പ്രവർത്തനങ്ങൾക്ക് കൊഴുപ്പേകാൻ മൂന്ന് മുന്നണികളുടെയും നേതാക്കൾ ജില്ലയിലെത്തും.
പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ പര്യടന പരിപാടിയിൽ ഏകദേശ ധാരണയായിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള നിയമസഭാംഗം കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 27നും ഡിസംബർ 4 മുതൽ ആറു വരെ തീയതികളിലും ജില്ലയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 28 നാണ് ജില്ലയിൽ പര്യടനം നടത്തുക.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസംബർ ആറിന് ആലപ്പുഴയിലെത്തും. നവംബർ 26, 29 തീയതികളിലാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ പ്രചാരണ പരിപാടി.
എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും ജില്ലയിൽ പ്രചാരണത്തിനുണ്ടെങ്കിലും തീയതി സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
എൽ.ഡി.എഫിലെ തല മുതിർന്ന പല നേതാക്കളും ആലപ്പുഴയിലുള്ളവരായതിനാൽ പുറമേ നിന്ന് മറ്റു നേതാക്കൾ വരേണ്ട ആവശ്യമില്ല. മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്ക് എന്നിവർക്ക് പുറമെ സി.പി.എം കേന്ദ്ര കമ്മിറ്രി അംഗം എം.വി.ഗോവിന്ദനും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.തിലോത്തമനാണ് സി.പി.ഐയുടെ പ്രചാരണ വേദികളിൽ പ്രധാനി. പുറമെ പാർട്ടി സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം പി.പ്രസാദും ജില്ലയിൽ തങ്ങി പരിപാടികളിൽ പങ്കെടുക്കുന്നു. മറ്രു നേതാക്കളുടെ തീയതികൾ ലഭ്യമാവണം. എന്നാൽ ബി.ജെ.പി പ്രചാരണത്തിൽ ഏതെല്ലാം നേതാക്കൾ പങ്കെടുക്കുമെന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായിട്ടില്ല.