ചേർത്തല:മൂന്ന് വയസുകാരന്റെ മരണം ചികിത്സാ പിഴവ് കാരണമെന്നാരോപിച്ച് ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് . മാരാരിക്കുളം പട്ടകുളങ്ങര വെളി സുരേഷിന്റെയും സുജമോളുടേയും മകൻ അർണവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി.കഴിഞ്ഞ 19 ന് കോട്ടയത്തെ സർക്കാർ ശിശു ആശുപത്രിയായ ഐ.സി.എച്ചിൽ ചികിത്സയിലിരിക്കവേയാണ് കുട്ടി മരിച്ചത്.17 ന് കുട്ടിക്ക് പനി വന്നപ്പോൾ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ചൂട് കുറയാത്തതിനാൽ അടുത്ത ദിവസവും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അന്ന് അവിടെ കൊവിഡ് രോഗി മരിച്ചതിനാൽ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.അവിടെ കുട്ടിയ്ക്ക് കുത്തിവെയ്പ് നൽകാൻ തുനിഞ്ഞപ്പോൾ രണ്ടു ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനാൽ കുത്തിവെയ്പ് വേണ്ടെന്ന് ഫാർമസിസ്റ്റ് കൂടിയായ അമ്മ സുജമോൾ ആശുപത്രി അധികൃതരെ അറിയിച്ചു.എന്നാൽ കുത്തിവെയ്പിനെ തുടർന്ന് കുട്ടിയുടെ കണ്ണ് മറിഞ്ഞ് ചുണ്ട് നിലനിറമായി. ശരീരം തണുത്ത് മരവിച്ചു. ഉടൻ തന്നെ കുട്ടിയെ ഐ.സി.യു വിലേക്ക് മാറ്റി.പരിശീലനത്തിന് വന്ന ഒരു നഴ്‌സാണ് കുത്തിവെയ്പ് നൽകിയതെന്ന് സുജമോൾ പരാതിപ്പെട്ടു. മുഖ്യമന്ത്റിക്കും കോട്ടയം ജില്ലാ കളക്ടർക്കും പൊലീസ് ചീഫിനും കുട്ടിയുടെ രക്ഷകർത്താക്കൾ പരാതി നൽകി.