സ്വകാര്യ ഹാച്ചറികൾ താറാവ് കുഞ്ഞുങ്ങൾക്ക് വില കൂട്ടി
ആലപ്പുഴ : കൊവിഡ് ഭീതിക്കിടയിലും ക്രിസ്മസ് സീസണിൽ നല്ലൊരു വരവ് പ്രതീക്ഷിച്ചുള്ള താറാവ് കർഷകരുടെ തയ്യാറെടുപ്പിന് ഹാച്ചറികൾ താറാവു കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചത് തിരിച്ചടിയാകുന്നു. കഴിഞ്ഞ സീസണിൽ 21 രൂപയ്ക്ക് ലഭ്യമായിരുന്ന ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് സ്വകാര്യ ഹാച്ചറി ഉടമകൾ ഇത്തവണ ഒരെണ്ണത്തിന് 23 രൂപയാണ് വാങ്ങുന്നത്. ഈ കുഞ്ഞുങ്ങൾക്ക് രോഗ പ്രതിരോധ ശേഷി കുറവായതിനാൽ തീറ്റയെടുക്കാൻ കഴിയുന്ന പ്രായത്തിനു മുമ്പെ ഇവയിൽ പലതും ചത്തു പോകും.
സർക്കാർ ഉടമസ്ഥതയിൽ നിരണത്ത് പ്രവർത്തിക്കുന്ന ഡെക്ക് ഫാമിൽ വിരിയിച്ചിറക്കുന്ന, രോഗപ്രതിരോധശേഷിയും അത്യുത്പാദന ശേഷിയുമുള്ള ചെമ്പല്ലി,ചാര തുടങ്ങിയ നാടൻ ഇനം കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഒന്നിന് 18 രൂപയേ വിലയുമുള്ളൂ.ഇവിടെ ഉത്പാദനം കുറവായതിനാലാണ് സ്വകാര്യ ഹാച്ചറികളെ കർഷകർ ആശ്രയിക്കേണ്ടി വരുന്നത്. അടുത്ത മാസം 20മുതൽ ഉണരുന്ന വിപണി ജനുവരി 15വരെ തുടരും. മുൻവർഷങ്ങളിൽ താറാവ് കർഷകർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സീസണാണിത്.
500ഓളം കർഷകർ
അഞ്ഞൂറോളം താറാവ് കർഷകരാണ് ജില്ലയിലുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലുള്ളവരാണ്. ഇതിനു പുറമെ ഡിസംബറിൽ കൂടുതൽ താറാവ് വിപണന കേന്ദ്രങ്ങൾ തുറക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും എ.സി റോഡിന്റെ ഇരുവശങ്ങളിലും എടത്വ, തിരുവല്ല മേഖലകളിലുമാണ് താറാവ് കച്ചവട കേന്ദ്രങ്ങൾ. തമിഴ്നാട്ടിൽ നിന്നുള്ള താറാവുകൾ എത്തുന്നുണ്ടെങ്കിലും കുട്ടനാടൻ താറാവുകൾക്കാണ് ഡിമാൻഡ് ചാര, ചെമ്പല്ലി എന്നീ കുട്ടനാടൻ ഇനങ്ങൾ രുചിയിൽ മുൻപന്തിയിലാണ്. കേരളത്തിന്റെ തനത് താറാവിനങ്ങളായ ഇവ കുട്ടനാട്ടിലെ ഭൂപ്രകൃതിയുമായി ഇണങ്ങി ചേർന്നവരാണ്.
സ്വകാര്യ ഹാച്ചറികളുടെ പ്രവർത്തനം
ഒരു സീസണിൽ കുറഞ്ഞത് പതിനായിരത്തോളം താറാവ് കുഞ്ഞുങ്ങളെയാണെങ്കിലും ഒരു കർഷകൻ വാങ്ങും. കാലാവസ്ഥയിലുള്ള വ്യതിയാനം മൂലം മറ്റു സംസ്ഥാനങ്ങളിൽ ഹാച്ചറികൾ പ്രവർത്തിക്കുന്നില്ല. ഇവിടേക്കും താറാവു കുഞ്ഞുങ്ങളെ കൊണ്ടു പോകുന്നത് ജില്ലയിൽ നിന്നാണ്. ജില്ലയിൽ ,നെടുമ്പ്രം,പള്ളിപ്പാട് ,ചെന്നിത്തല,ചാത്തങ്കരി എന്നിവിടങ്ങളിലാണ് സ്വകാര്യ ഹാച്ചറികൾ പ്രവർത്തിക്കുന്നത്. ഇവയുടെ മേൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു ഒരു നിയന്ത്രണവുമില്ല. പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന ലൈസൻസുകളുടെ മാത്രം പിൻബലത്തിലാണ് ഹാച്ചറികൾ പ്രവർത്തിക്കുന്നത്.
'' സ്വകാര്യ ഹാച്ചറികളിൽ താറാവു കുഞ്ഞുങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നു. സർക്കാർ ഹാച്ചറിയിൽ നിന്ന് മതിയായ കുഞ്ഞുങ്ങളെ ലഭ്യമായാൽ ഇൗ പ്രശ്നത്തിന് പരിഹാരമാകും. സ്വകാര്യ ഹാച്ചറികളിൽ നിന്നും തമിഴ്നാട്ടിലേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ടു പോകുന്നത് വെല്ലുവിളിയാണ്.
(കുട്ടപ്പൻ,താറാവ് കർഷകൻ ,തകഴി)