പാരയായി​ പാളയത്തി​ൽപ്പട

കായംകുളം: കായകുളം നഗരസഭ പിടിച്ചെടുക്കുവാൻ മൂന്ന് മുന്നണികളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരവേ ഇവരുടെ പ്രധാന എതി​രാളി​ വി​മതർ തന്നെയെന്നതാണ് അവസ്ഥ.

ആറ് വാർഡുകളിൽ എൽ.ഡി.എഫും അഞ്ചിൽ യു.ഡി.എഫും എൻ.ഡി.എ ഒരു വാർഡിലും വിമത ഭീഷണി നേരിടുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നഗരസഭ ചെയർമാനായിരുന്ന എൻ. ശിവദാസനെതിരെ ലോക്കൽ കമ്മിറ്റി അംഗമായ ജിതേഷ് ലാൽ , 37 ാം വാർഡിൽ ലോക്താന്ത്രിക് ജനതാദൾ സ്ഥാനാർഥി പി.എസ്. സുൽഫിക്കറിനെതിരെ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന ഐ..എൻ.എൽ നേതാവ് ആറ്റക്കുഞ്ഞ്, ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവർ വിമതരായി മത്സരിക്കുന്നു.

സി.പി.എം ഏരിയ കമ്മിറ്റി അംഗം ശ്രീനിവാസൻ മൽസരിക്കുന്ന 36 ാം വാർഡിൽ ബിജു ചെല്ലപ്പൻ, 35 ാം വാർഡിൽ സി.പി. ഐ നേതാവ് സുനിൽകുമാറിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം നിസാർ, എട്ടാം വാർഡിൽ സി.പി.എമ്മിൽ നിന്നുള്ള അനീസയും നാലാം വാർഡിൽ 39 ൽ മത്സരിക്കുന്ന എൽ.ജെ.ഡി സ്ഥാനാർത്ഥി ഷീബയുടെ ഭർതൃ സഹോദരി നസീമയും വിമതരായി രംഗത്തുള്ളതുമാണ് ഇടതുപക്ഷത്തെ കുഴയ്ക്കുന്നത്.

യു.ഡി.എഫ് അഞ്ച് വാർഡുകളിലാണ് വിമത ഭീഷണി നേരിടുന്നത്. ഒന്നാം വാർഡിൽ എം.ആർ. സലിംഷായിക്ക് എതിരെ ബൂത്ത് പ്രസിഡന്റ് റഹിം ചീരാമത്ത്. 35 ൽ കെ.എസ്.യു ജില്ല പ്രസിഡന്റ് നിധിൻ പുതിയിടത്തിനെതിരെ മുതിർന്ന നേതാവ് പി.സി. റോയി, 11ൽ മുൻ കൗൺസിലർ ദിവാകരൻ, 12 ൽ നഗരസഭ മുൻ അദ്ധ്യക്ഷ അമ്പിളി സുരേഷ്, 14 ാം വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ബിജു കണ്ണങ്കര, 43 ൽ സ്ഥിരം സമിതി മുൻ അദ്ധ്യക്ഷൻ പി.കെ. മസൂദ് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്.

32 ൽ ബി.ജെ.പി ജില്ല സെക്രട്ടറി ഡി. അശ്വനിദേവിനെതിരെ ബി.ഡി.ജെ.എസിലെ ഹരിദാസും വിമതനായി മത്സരിക്കുന്നു.