ആലപ്പുഴ : തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾക്കായി 'കില'യുടെയുംജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.തദ്ദേശ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളും കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ പരിശീലനം നടത്തി വരികയാണ് 'കില'.

തിരഞ്ഞെടുപ്പിനിടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയെന്നത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കൊപ്പം കൊവിഡ് പ്രതിരോധം ഉറപ്പുവരുത്തണം.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള ചുമതല പ്രതിജ്ഞാബദ്ധമായി നടപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കി വച്ചിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കരുത്. പെരുമാറ്റ ചട്ടത്തിന് അകത്തുനിന്ന് അനുവദനീയമായ കാര്യങ്ങൾ നടപ്പിലാക്കണമെന്നും അവർ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് ക്ലാസെടുത്തു.