ആലപ്പുഴ:ചെണ്ടമേളത്തിൽ തെക്കൻ ചിട്ടയിലെ പ്രമാണിയാണ് കണ്ടല്ലൂർസദാശിവ(91)ന്റെ വേർപാടോടെ അരങ്ങൊഴിഞ്ഞത്. കഥകളി മേളത്തിലെ അസാധാരണ പ്രതിഭയായിരുന്ന സദാശിവൻ പാഞ്ചാരിമേളം, തായമ്പക, ട്രിപ്പിൾ തായമ്പക എന്നിവയിലും തന്റെ നൈപുണ്യം പ്രകടമാക്കിയിരുന്നു.പതിനായിരത്തിലധികം വേദികളിലാണ് അദ്ദേഹം കഥകളിക്ക് മേളഭംഗി പകർന്നത്.ഞായറാഴ്ചയാണ് സദാശിവൻ പുതുപ്പള്ളി തെക്ക് വലിയവീട്ടിൽ നിര്യാതനായത്.
പഴയ കാലത്ത് മറ്റു പലതിലുമെന്നപോലെ സംഗീത-കലാരംഗങ്ങളിലും അയിത്തവും ജാതി വിവേചനവും നിലനിന്നിരുന്നു. ഈ അതിർവരമ്പുകളെ തന്റെ വാസനാഗുണത്തിലൂടെ, ചെണ്ടയിൽ കൊട്ടിക്കയറിയാണ് തന്റേതായ ഒരിടം കണ്ടല്ലൂർ സദാശിവൻ ഉറപ്പിച്ചത്. തുടക്കകാലത്ത് അദ്ദേഹത്തെ നോക്കി നെറ്റിചുളിച്ചവർ പോലും പിന്നീട് ആ മേളപ്പെരുക്കത്തിൽ ലയിച്ചിരുന്നിട്ടുണ്ട്. ചെണ്ടയും മദ്ദളവുമടക്കമുള്ള വാദ്യോപകരണങ്ങൾ അഭ്യസിക്കുന്നതിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി നിർത്തിയിരുന്ന കാലത്താണ് കണ്ടല്ലൂർ സദാശിവനും സഹോദരൻ കണ്ടല്ലൂർ സദാനന്ദനും മേളത്തിന്റെ ലോകത്തേക്ക് സധൈര്യം ഇറങ്ങിയത്. പി
വൈക്കം കടുത്തുരുത്തി കുഞ്ഞൻപണിക്കർ ആശാനും തൃക്കുന്നപ്പുഴ അക്കരക്കാട്ടിൽ കേശവപണിക്കർ ആശാനുമായിരുന്നു ഗുരുനാഥന്മാർ.കോട്ടയ്ക്കൽ കുട്ടൻമാരാർ,കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ,കലാമണ്ഡലം കേശവൻ , കലാമണ്ഡലം രാമൻ നമ്പൂതിരി,കലാമണ്ഡലം ചന്ദ്രമന്നാടിയാർ, ആയാംകുടി കുട്ടപ്പമാരാർ, സദനം വാസുദേവൻ, വാരണാസി മാധവൻ നമ്പൂതിരി തുടങ്ങിയ പ്രമുഖർക്കൊപ്പം കഥകളിയരങ്ങിൽ മേളമൊരുക്കിയിട്ടുണ്ട്. അന്തരിച്ച ചലച്ചിത്ര നടൻ ജഗന്നാഥ വർമ്മയ്ക്കും മകൻ ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണനുമൊപ്പം ട്രിപ്പിൾ തായമ്പക ഒരുക്കി തന്റെ വാർദ്ധക്യ കാലത്തും അദ്ദേഹം മേള ആസ്വാദകരെ അമ്പരപ്പിച്ചു.ആകാശവാണിയിൽ വർഷങ്ങളോളം കഥകളി പദത്തിന് മേളം അവതരിപ്പിക്കാനും അവസരമുണ്ടായി.കെ.പി.എ.സി അടക്കമുള്ള പരിശീലന കളരികളിൽ അദ്ദേഹം ചെണ്ട പരിശീലിപ്പിച്ചിരുന്നു. നൂറ് കണക്കിന് ശിഷ്യ സമ്പത്തിന് ഉടമയുമാണ്. മക്കളായ കണ്ടല്ലൂർ ഷാജി, ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, കണ്ടല്ലൂർ സജീവ്,കണ്ടല്ലൂർ ഷൈലജൻ എന്നിവരുടെയും ഗുരുനാഥനാണ്. നൂറ് കണക്കിന് പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.