ആലപ്പുഴ : കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ദളിത് വനിതാ നേതാവ് സ്വതന്ത്ര സ്ഥാനാർത്ഥിയായി. കെ.പി.എം.എസ് 1625-ാം നമ്പർ ശാഖാ സെക്രട്ടറി കൂടിയായ സുമസന്തോഷാണ് കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ മത്സരിക്കുന്നത്.

കോൺഗ്രസ് ബ്ലോക്ക് നേതൃത്വവും ജില്ലാ നേതൃത്വവും സീറ്റ് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പത്താം വാർഡിൽ താൻ പ്രചാരണം തുടങ്ങിയിരുന്നെന്നും . പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും പ്രിന്റ് ചെയ്ത വകയിൽ 20,000 രൂപയോളം ചെലവായെന്നും സുമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന് തലേന്ന് ഡി.സി.സി പ്രസിഡന്റിന്റെ വീട്ടിൽ പോയി സംസാരിച്ചപ്പോഴും സീറ്റ് ഉറപ്പ് പറഞ്ഞു. എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഡി.സി.സി ഓഫീസിൽ ബന്ധപ്പെടാനും നിർദ്ദേശിച്ചു. അവിടെയെത്തിയപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദാണ് സീറ്റില്ലെന്ന് അറിയിച്ചത്. മുൻ എം എൽ എയും ദളിത് കോൺഗ്രസ് നേതാവുമായ കെ.കെ.ഷാജുവിനോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം പരിഹസിച്ചുവെന്ന് സുമആരോപിച്ചു.

. കോൺഗ്രസ് മണ്ഡലം സെക്രട്ടറി, മഹിളാകോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം, ദളിത് കോൺഗ്രസ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സുമസന്തോഷ്.