മാവേലിക്കര: ചെറിയനാട്, എഴുകോൺ റെയിൽവേ സ്റ്റേഷനുകളിലെ ജീവനക്കാരെ പിൻവലിച്ച് പകരം കരാർ അടിസ്ഥാനത്തിൽ ഹാൾട്ട് ഏജന്റുമാരെ നിയമിക്കാനും എഴുകോൺ ഹാൾട്ട് സ്റ്റേഷനാക്കാനുമുള്ള ദക്ഷിണ റെയിൽവേയുടെ നീക്കവും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽ ബോർഡ് ചെയർമാന് കത്തുനൽകിയതായി ലോക്‌സഭാ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. യാത്രക്കാരുടെയും സമൂഹത്തിന്റെയും എതിർപ്പിനെത്തുടർന്ന് രണ്ടു തവണ നിർത്തിവച്ച നടപടിയാണ് ഇപ്പോൾ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഗ്രാമീണമേഖലകളിലെ സ്റ്റേഷനുകളുടെ പ്രവർത്തനം പൂർണമായി നിർത്താനുള്ള നടപടികളുടെ തുടക്കമാണ് നടപടിയെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.