ചേർത്തല : കേരളത്തിലെ പുതിയ രാഷ്ട്രീയ അന്തരീക്ഷം എൻ.ഡി.എയ്ക്കനുകൂലമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സീ​റ്റു നിഷേധിച്ചതിലൂടെ ആ വിഭാഗങ്ങൾക്ക് കോൺഗ്രസ് ഉണ്ടാക്കിയ മുറിവ് ചെറുതല്ല.

പിന്നാക്കക്കാർ എന്തിനീ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. യു.ഡി.എഫിൽ മുസ്ളീം ലീഗിനാണ് ആധിപത്യം. മദ്ധ്യകേരളം കോൺഗ്രസിന് ഇന്ന് അന്യമായിക്കഴിഞ്ഞു. മുൻ അഴിമതിക്കഥകളുടെ കറമാറാത്ത പ്രതിപക്ഷത്തിന് ഭരണവിരുദ്ധവികാരം മുതലാക്കാൻ എങ്ങനെ കഴിയും.ഇടതു ഭരണപരാജയങ്ങളെ തുറന്നുകാട്ടിയതും,ദേശീയ തലത്തിലേക്ക് അതെല്ലാം എത്തിച്ചതും എൻ.ഡി.എ ആണ്.പിന്നാക്കക്കാരെ ഒന്നടങ്കം ശത്രുവായി തുറന്ന പ്രഖ്യാപനം നടത്തിയതിലൂടെ കോൺഗ്രസിന്റെ ശേഷിച്ച സംഘടനാ പ്രസക്തി കൂടി കേരള രാഷ്ട്രീയത്തിൽ നഷ്ടമായി.

ലീഗിന് അപ്രമാദിത്വമുള്ള യു.ഡി.എഫ് വർഗീയ മുഖമായി മാറി. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും എൻ.ഡി.എ യും തമ്മിലാണെന്നും വിജയം എൻ.ഡി.എയ്ക്കാകുമെന്നും തുഷാർ പറഞ്ഞു.