ചേർത്തല:ടാങ്കർ ലോറിയിൽ നിന്നു പെട്രോൾ ചോർന്നതിനെ തുടർന്ന് പരിഭ്രാന്തി. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് ചേർത്തല അർത്തുങ്കൽ ബൈപാസിന് സമീപമായിരുന്നു സംഭവം. എറണാകുളത്തു നിന്നു പെട്രോൾ നിറച്ചു വന്ന ലോറിയുടെ ടാങ്കിന്റെ ഭാഗം ദ്റവിച്ചാണ് പെട്രോൾ ചോർന്നത്. വഴിയാത്രക്കാരാണ് ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.തുടർന്ന് വാഹനം നിർത്തി അഗ്നിശമന സേനയുടെ സഹായം തേടി.ചേർത്തലയിലും ആലപ്പുഴയിലും നിന്നുമായെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ന്യൂമാ​റ്റിക് ബാഗും സോപ്പും ഉപയോഗിച്ച് ചോർച്ച താത്ക്കാലികമായി അടച്ച ശേഷം ടാങ്കറിലെ മുഴുവൻ പെട്രോളും സമീപത്തെ പെട്രോൾ പമ്പിലെ ടാങ്കിലേക്ക് നീക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശിയുടെ ടാങ്കർ ലോറിയാണിത്. ചേർത്തല ഫയർ സ്​റ്റേഷൻ ഓഫിസർ കെ.പി.സന്തോഷ്,അസി. സ്​റ്റേഷൻ ഓഫിസർ എസ്.പ്രസാദ്, സീനിയർ ഫയർ ഓഫീസർമാരായ മണിക്കുട്ടൻ, പി.ഷിബു, ചേർത്തല സി.ഐ പി.ശ്രീകുമാർ, എസ്‌.ഐ എം.ലൈസാദ് മുഹമ്മദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.