 എക്സൈസിനെ ആശങ്കയിലാക്കാൻ മൂന്ന് ആഘോഷങ്ങൾ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സരാഘോഷം... എക്സൈസിന്റെ നെഞ്ചിടിപ്പ് കൂടാൻ വേറൊന്നും വേണ്ടെന്നതിനാൽ ജനുവരി രണ്ടുവരെ നീണ്ടു നിൽക്കുന്ന 'സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവി'നു തുടക്കമിട്ട് ഒരു മുഴം മുന്നേ രംഗത്തിറങ്ങിയിരിക്കുകയാണ് എക്സൈസ് അധികൃതർ.

അംഗീകൃത സ്രോതസ്സുകളിൽ നിന്നല്ലാതെ മദ്യം ജനങ്ങൾക്ക് ലഭ്യമാകുന്ന പ്രവണത തിരഞ്ഞെടുപ്പ് കാലത്ത് കൂടുതലാണ്. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങൾ ഡ്രൈ ഡേ ആയിരിക്കുമെന്നതിനാൽ അനധികൃത മദ്യവില്പന വർദ്ധിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കോളനികൾ കേന്ദ്രീകരിച്ച് മദ്യ വിതരണം നടക്കാനുള്ള സാദ്ധ്യതയും എക്സൈസ് കാണുന്നുണ്ട്. കൂടാതെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജപരാതികൾ ഉയരാനിടയുണ്ട്. രഹസ്യവിവരശേഖരണം നടത്തിയും, പൊതുജനങ്ങളുടെയും, ഇതര സേനാ വിഭാഗങ്ങളുടെ സഹായത്തോടെയുമാണ് ഡ്രൈവ് മുന്നേറുക. മദ്യത്തിന് പകരമായി കഞ്ചാവിന്റെ ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിക്കും. അതിർത്തി ചെക്ക് പോസ്റ്റുകളിലും വാഹനങ്ങളിലും പരിശോധന ശക്തമാക്കും. ഡിസംബർ 6 മുതൽ 16 വരെ ഒരു വിഭാഗം പ്രിവന്റീവ് ഓഫീസർമാരും, സിവിൽ എക്സൈസ് ഓഫീസർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ ഫീൽഡ് ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരെ നിയോഗിച്ചാവും എൻഫോഴ്സ്മെന്റ് ഡ്യൂട്ടി മുന്നോട്ട് കൊണ്ടുപോകുന്നത്.

 വ്യാജൻ നിറയും

തിരഞ്ഞെടുപ്പ് സമയത്തും ശേഷവും വാറ്റ്, വ്യാജ മദ്യ നിർമ്മാണം, സ്പിരിറ്റ് കടത്ത്, ചാരായ നിർമ്മാണം, സ്പിരിറ്റ് ചാരായമായും നിറം കലർത്തി വിദേശമദ്യമായും ഉപയോഗിക്കൽ, കള്ളിൽ വീര്യവും അളവും കൂട്ടാനുള്ള മായം ചേർക്കലുകൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. അരിഷ്ടാസവങ്ങൾ എന്ന പേരിൽ വ്യാജ ആയുർവേദ ഉത്പന്നങ്ങൾ വിൽക്കപ്പെടാം. ക്രിസ്മസ് വിശേഷ വിഭവമായ വൈൻ നിർമ്മിച്ച് കൊടുക്കാമെന്ന പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കും.

 പ്രതിരോധമിങ്ങനെ

1. എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ കൺട്രോൾ റൂം

2. ജില്ലാതല സ്പെഷ്യൽ ടീമുകൾ വക മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്

3. ഓരോ പരാതിയുടെയും വിശ്വാസ്യത പരിശോധിക്കും

6. വിമുക്തി ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും

7. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സ് സേവനം

8. അന്യസംസ്ഥാന ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കും

9. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും

10. കള്ള് ഷാപ്പ് ലൈസൻസികളുടെ പ്രവൃത്തികളും നീരീക്ഷണത്തിൽ
...........................

സുരക്ഷിതവും പ്രശ്നരഹിതവുമായ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സര കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്

എക്സൈസ് ഉദ്യോഗസ്ഥർ