chunnampu

ചുണ്ണാമ്പ് നിർമ്മാണവും വില്പനയും അന്യമാകുന്നു

ചാരുംമൂട്: നാലും കൂട്ടി മുറുക്കുന്നവരുടെ എണ്ണം നാട്ടിൻപുറങ്ങളിൽപ്പോലും കുറഞ്ഞതോടെ ചുണ്ണാമ്പുകച്ചവടം നടത്തി കുടുംബം പോറ്റിയിരുന്നവർ പ്രതിസന്ധിയിലായി. ചെറിയ മുടക്കുമുതലിൽ ഭേദപ്പെട്ട വരുമാനം ലഭിക്കുമായിരുന്ന ഈ തൊഴിൽ ഇന്ന് അന്യമാവുകയാണ്. പണ്ട് പലരും കുലത്തൊഴിലായി ചുണ്ണാമ്പു നിർമാണവും വിൽപ്പനയും നടത്തിയിരുന്നു.

വെറ്റില മുറുക്ക് കൂടുൽ പ്രചാരത്തിലുണ്ടായിരുന്നപ്പോൾ ഗ്രാമീണ ചന്തകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായിരുന്നു ചുണ്ണാമ്പ്‌. ചുണ്ണാമ്പ് നിർമിക്കാനായി മദ്ധ്യ തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ചൂളകൾ പ്രവർത്തിച്ചിരുന്നു .ഇന്ന് വിരലിലെണ്ണാവുവ മാത്രമേയുള്ളൂ. കക്കയിൽ പ്രത്യേക അനുപാതത്തിൽ വെള്ളം ചേർത്ത് നീറ്റിയാണ് ചുണ്ണാമ്പ് നിർമിക്കുന്നത്. കൂട്ട് തെറ്റിയാൽ ചുണ്ണാമ്പിനു പകരം കുമ്മായമാകും ലഭിക്കുക.

യുവ തലമുറ ഈ ജോലിയിലേക്ക് കടന്നു വരാത്തതും തൊഴിൽ അന്യം നിന്നു പോകാൻ കാരണമായി. മദ്ധ്യ തിരുവിതാംകൂറിന്റെ ഭൂരിഭാഗം ചന്തകളിൽ നിന്നും ചുണ്ണാമ്പ് കച്ചവടക്കാർ അപ്രത്യക്ഷരായെങ്കിലും താമരക്കുളം മാധവപുരം പബ്ലിക് മാർക്കറ്റിൽ ഇന്നും കച്ചവടം നടത്തുകയാണ് 56കാരനായ താമരക്കുളം പേരൂർക്കാരാണ്മ വേലൻ പറമ്പിൽ സഹദേവനും അമ്മ ഓമനയും. മുമ്പ് നിരവധി പേർ ഇവിടെ ചുണ്ണാമ്പ് കച്ചവടത്തിനെത്തിയിരുന്നതാണ്. തലമുറകളായി ചെയ്യുന്ന തൊഴിലായതിനാലാണ് ഇപ്പോഴും കച്വടം തുടരുന്നതെന്ന് സഹദേവനും ഓമനയും പറയുന്നു. മുമ്പ് സഹദേവന്റെ പിതാവ് ഗോപാലനായിരുന്നു ഈ തൊഴിൽ ചെയ്തിരുന്നത്. ഇപ്പോൾ ഒരു പൊതി ചുണ്ണാമ്പിന് പത്തു രൂപയാണ് വില. ചില ചന്തകളിൽ നല്ല വില്പന ഉണ്ടാകുമെങ്കിലും പലപ്പോഴും ചെലവ് കഴിഞ്ഞ് നൂറ് രൂപ പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും സഹദേവൻ പറയുന്നു.

ചുണ്ണാമ്പിലും വ്യാജൻ !

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് താമരക്കുളം മാധവപുരം ചന്ത. ചന്തയിൽ ചുണ്ണാമ്പ് വിൽപ്പനക്കായി പോകാൻ തലേ ദിവസം തന്നെ ഒരുക്കം തുടങ്ങണം. ചുണ്ണാമ്പ് പൊതിയാൻ വാഴയില , പൊതികെട്ടാൻ വാഴനാര് എന്നിവ സംഘടിപ്പിക്കും. പിന്നീട് കക്ക നീറ്റി ചുണ്ണാമ്പാക്കണം. എന്നാലേ അടുത്ത ദിവസം ചന്തയിൽ വിൽപ്പനക്കെത്താൻ കഴിയു. തൃക്കുന്നപ്പുഴയിൽ നിന്നും കക്ക വാങ്ങി നീറ്റിയാണ് ചുണ്ണാമ്പ് നിർമിക്കുന്നത്. ഒരു കുട്ട കക്കയ്ക്ക് 80 രൂപയാണ് വില. കക്ക പലപ്പോഴും ആവശ്യത്തിന് ലഭിക്കാത്തത് ചുണ്ണാമ്പ് നിർമാണത്തിന് തടസമാകുന്നു. ചുണ്ണാമ്പിലുംവില കുറഞ്ഞ വ്യാജൻ ഇറങ്ങുന്നതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. വീടുകൾക്ക് വെള്ളയടിക്കാനുള്ള കുമ്മായം (സ്നോസം) വാങ്ങി നിർമിക്കുന്ന ചുണ്ണാമ്പും വിപണിയിലുണ്ട്. ഇത് വായ പൊള്ളുന്നതിനും മറ്റ് രോഗങ്ങൾക്ക് കാരണമാകും.