ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളിലെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. പദ്ധതി നടത്തിപ്പിൽ അഴിമതി ഉണ്ടെന്നതിന് തെളിവാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിജിലൻസ് ഇപ്പോൾ കേസുകളെടുക്കുന്നത്.ലൈഫ് മിഷൻ, കിഫ്ബി എന്നീവടങ്ങളിലെ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തി കേസെടുത്തതിന് പിന്നാലെ കെ.എസ്.എഫ് ഇയിൽ വിജിലൻസ് റെയ്ഡിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തി. മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള വിജിലൻസ് ധനകാര്യമന്ത്രിയുടെ വകുപ്പിലാണ് പരിശോധന നടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഇതുപോലെ നാണംകെട്ട ഒരു അവസ്ഥ കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ്, കെ.പി.സി.സി സെക്രട്ടറി എബികുര്യാക്കോസ്, പി.ജെ.മാത്യു, ടി.സുബ്രഹ്മണ്യദാസ്, സുനിൽ ജോർജ്ജ്, പി.നാരായണൻകുട്ടി, എ.എൻ.പുരം ശിവകുമാർ, പ്രൊഫ. നെടുമുടി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.