prabath

ജനപ്രതിനിധിയാവാൻ കലാകാരൻമാരും രംഗത്ത്

ആലപ്പുഴ: കലയും രാഷ്ട്രീയവും ഒരേ തൂവൽപ്പക്ഷികളല്ല. ഒരു നാണയത്തിന്റെ ഇരു വശങ്ങളുമല്ല. ഇക്കാര്യം നന്നായി അറിയാമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടിനെയും ഒരേ നൂലിൽ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിലാണ് ഇവിടെ കുറച്ച് കലാകാരൻമാർ.

ഗായകർ മുതൽ സിനിമ അഭിനേതാക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. വേദികളിലും സ്ക്രീനിലും തിളങ്ങുന്ന താരങ്ങൾ വോട്ടുതേടി വീട്ടുമുറ്റത്ത് എത്തുമ്പോൾ വോട്ടർമാർക്കും സന്തോഷം. ഗായകരായ സ്ഥാനാർത്ഥികളുടെ കൺവെൻഷനുകളും പൊതുപരിപാടികളും സംഗീതമയമാകാറുണ്ട്. വോട്ടിനായി വീട്ടിലെത്തുമ്പോൾ, ഒരു പാട്ടു പാടാമോ എന്ന് ആവശ്യപ്പെടുന്നവരിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടും. വോട്ടറെ സന്തോഷിപ്പിക്കാൻ തങ്ങൾക്കറിയാവുന്ന കലയിലൂടെ സാധിക്കുന്നെങ്കിൽ അത്രത്തോളം സന്തോഷം തങ്ങളും അനുഭവിക്കുന്നു എന്നാണ് താര സ്ഥാനാർത്ഥികളുടെ സാക്ഷ്യപത്രം.

'നാടനാ'ണ് പ്രഭാത്

കേരളത്തിലെ അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻമാരിൽ ഒരാളായ വി.പി. പ്രഭാത് ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ അനുഭവസമ്പത്ത് മുതൽക്കൂട്ടാവുകയാണ്. നാടൻ പാട്ട് സമിതി നടത്തിയിരുന്ന അച്ഛൻ കട്ടപ്പന സ്വദേശി വി.കെ.പ്രഭാകരന്റെ വരികൾ ചൊല്ലി മൂന്നാം വയസിലാണ് പ്രഭാത് പാട്ടിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, അച്ഛന്റെ വിയോഗത്തോടെ അമ്മ ശാന്തമ്മയുടെ നാടായ ആലപ്പുഴയിലേക്ക് കുടിയേറി. ഇന്ന് നിറവ് നാടൻ പാട്ട് കൂട്ടം, ബ്ലാക്ക് ടെയ്ൽസ് ആലപ്പി എന്നീ ട്രൂപ്പുകളുടെ സെക്രട്ടറി കൂടിയാണ്. ആയിരക്കണക്കിന് വേദികളിൽ ഗായകനായി തിളങ്ങി. കൊവിഡ് ബോധവത്കരണ ഗാനങ്ങളുമായി ലോക്ക് ഡൗൺ കാലത്തും സജീവമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ കാക്കി കുപ്പായം തത്കാലത്തേക്ക് അഴിച്ചു വെച്ച് നാടൻ പാട്ട് ഉൾപ്പെടുത്തിയുള്ള സജീവ പ്രചാരണത്തിലാണ് പ്രഭാത്.

പിന്നണിയിൽ നിന്ന് മുന്നണിയിൽ

വിനയൻ ചിത്രമായ ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ടൈറ്റിൽ സോംഗ്, റിലീസ് കാത്തിരിക്കുന്ന കർമ്മ സാഗരം, ആരംഭം, ചിത്രീകരണം പുരോഗമിക്കുന്ന ഹോട്ടൽ തരംഗിണി എന്നീ ചിത്രങ്ങളിലൂടെ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച് വരുന്ന പ്രശാന്ത് പുതുക്കരി രാമങ്കരി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. പ്രീ-ഡിഗ്രി കാലത്താണ് തന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിഞ്ഞത്. പതിനേഴാം വയസിൽ സംഗീതാദ്ധ്യാപകൻ എടത്വ കട്ടപ്പുറം സാറിന് ദക്ഷിണ നൽകി സംഗീതത്തിൽ വിദ്യാരംഭം കുറിച്ചു. ഡിഗ്രി പഠനത്തോടൊപ്പം ഗാനമേളകളിൽ സജീവമായി. ആർ.എൽ.വി മ്യൂസിക് കോളേജിൽ ബിഎ മ്യൂസിക്കിന് ചേർന്നെങ്കിലും പഠനം പൂർത്തീകരിക്കാനായില്ല. വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. കുട്ടനാട് ത്രിവേണി എന്ന പേരിൽ ഗാനമേള ട്രൂപ്പ് നടത്തുകയാണ്. ഗൾഫ് മേഖലയിലടക്കം നിരവധി സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്.

ഇനി രാഷ്ട്രീയ 'കുരുക്ഷേത്രം'

ചെറുപ്പം മുതൽ മനസിൽ കൊണ്ടു നടന്ന സിനിമാ മോഹം പൂവണിഞ്ഞത് മോഹൻലാൽ ചിത്രമായ കുരുക്ഷേത്രയിലൂടെയാണെന്ന് പൂന്തോപ്പ് വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. രതീഷ് പറയുന്നു. കാസ്റ്റിംഗ് കോൾ, സ്ക്രീനിംഗ് കടമ്പകൾ കടന്ന് കഥാപാത്രമായാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ തിടുക്കപ്പെട്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നപ്പോൾ കഥാപാത്രം കമാൻഡോകളിൽ ഒരാളായി ചുരുങ്ങി. എന്നിരുന്നാലും ചിത്രം വഴി മോഹൻലാലുമായി ബന്ധം സ്ഥാപിക്കാനായത് നേട്ടമാണെന്ന് ജെ.എസ്.എസ് നേതാവായ രതീഷ് പറയുന്നു. ഗൗരിയമ്മയുടെ 101-ാം പിറന്നാൾ ലോഗോ പ്രകാശനം ചെയ്തത് മോഹൻലാലായിരുന്നു. സ്കൂൾ കാലത്ത് സ്കൗട്ട് ലീഡറായിരുന്ന പ്രവൃത്തി പരിചയം സിനിമയിൽ പ്രയോജനം ചെയ്തെന്നും രതീഷ് പറയുന്നു. കലയെ ഏറെ സ്നേഹിച്ചിരുന്ന കുടുംബം എൺപതുകളിലെ സിനിമാ താരം രതീഷിന്റെ ഓർമ്മയിലാണ് തനിക്ക് പേരിട്ടതെന്നും സ്ഥാനാർത്ഥി പറയുന്നു.

ജയ്സപ്പന്റെ പുതിയ റോൾ

25 സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജെയ്സപ്പൻ മത്തായി ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. 1987ൽ ആലിപ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. കേരള കോൺ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജില്ലാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജെയ്സപ്പൻ സീരിയലുകളിലും സജീവമാണ്. സൈക്കിൾ, ഭ്രമരം, പ്രണയം, റോമൻസ്, ആകാശഗംഗ, പുതിയ മുഖം എന്നിങ്ങനെ നീളുന്നു അഭിനയിച്ച സിനിമകളുടെ ലിസ്റ്റ്.

പാട്ടുംപാടി ദലീമ

സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം മൂന്ന് തവണ നേടിയ ദലീമ ജോജോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിടിരുന്നു. 2017 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണയും അരൂർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ദലീമ. 25 സിനിമാ ഗാാനങ്ങളടക്കം ഏഴായിരത്തോളം പാട്ടുകൾ പാടി.

'ഫൈവ് ഇൻ വൺ' ബബിത

പ്രശസ്ത റിയാലിറ്റി ഷോയിലൂടെ ജനമനസുകളിൽ ശ്രദ്ധേയയായ ബബിത ജയൻ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുതുകുളം ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷൻ അംഗമായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. നർത്തകിയും ഗായികയുമായ ബബിത നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുതുകുളം എസ്.എൻ.വി യു.പി സ്കൂൾ അദ്ധ്യാപികയാണ്.