ചേർത്തല:അന്ധകാരനഴി ഷട്ടർ അടച്ച് വെള്ളക്കയറ്റം നിയന്ത്റിക്കണമെന്നാവശ്യപ്പെട്ട് അന്ധകാരനഴി വെട്ടക്കൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് കളക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് ഭാരവാഹികളായ വി.എസ്.ഷാജി,പി.ആർ.രാമചന്ദ്രൻ,എൻ.വി.കവിരാജ്,പി.സജീവ്,എസ്.അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 പേർ സമരത്തിൽ പങ്കെടുക്കും.വലിയേറ്റ സമയത്ത് അന്ധകാരനഴിയിലെ ഷട്ടർ തുറന്ന് വയ്ക്കുന്നതുമൂലം
പട്ടണക്കാട്,തുറവൂർ, കടക്കരപ്പള്ളി, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി ജൈവ കൃഷിയും തെങ്ങ് കൃഷിയുൾപ്പെടെ മറ്റ് പരമ്പരാഗത കൃഷികളെല്ലാം നാശത്തിന്റെ വക്കിലാണ്. ഗ്രാമപഞ്ചായത്തിനും ജലസേചനവകുപ്പിനും നിരന്തരം പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.