ചേർത്തലയുടെ വടക്കൻ മേഖലയിൽ പാലങ്ങൾ വീണ്ടും ചർച്ച
പൂച്ചാക്കൽ: തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ കൈയെത്തും ദൂരമെത്തിയതോടെ ചേർത്തലയുടെ വടക്കൻ മേഖലയിൽ പാലങ്ങൾ വീണ്ടും ചർച്ചയാകുന്നു. തുറവൂർ-പമ്പ പാതയിലെ മാക്കേക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ശുഭ പര്യവസായിയാവുമെന്നാണ് പ്രതീക്ഷ.
ഒൻപത് ഭൂവുടമകളിൽ എട്ടു പേരും സർക്കാരിന്റെ നഷ്ടപരിഹാര പാക്കേജിനോട് അനുകൂല നിലപാടിൽ എത്തിയിട്ടുണ്ട്. പാലത്തിനായി വേമ്പനാട്ടു കായലിൽ തൂണുകൾ നിർമ്മിച്ചതിനു ശേഷമാണ് അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് തർക്കം തുടങ്ങിയത്.
പെരുമ്പളം ദ്വീപുകാരുടെ ചിരകാല സ്വപ്നമായ പാണാവള്ളി- പെരുമ്പളം പാലം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് 2019 സെപ്തംബർ 8 ന് മുഖ്യമന്ത്രി ദ്വീപിലെത്തി പാലത്തിന് ശിലയിട്ടത്. എന്നാൽ കരാർ സംബന്ധിച്ച തർക്കങ്ങളും കോടതി കേസും മൂലം നിർമ്മാണം തുടങ്ങാനായില്ല. കരാറിൽ പങ്കെടുത്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് കൂടുതൽ പരിഗണന നൽകുന്നു എന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നതോടെ പാലത്തിന്റെ നിർമ്മാണ തടസങ്ങൾ മാറിയിരിക്കുകയാണ്. ഒരു കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 100 കോടിയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.
ചർച്ചയിൽ ടൂറിസവും
പാണാവള്ളിയിലെ തുരുത്തുകളുമായി ബന്ധപ്പെടുത്തി കായൽ ടൂറിസം പദ്ധതിയും സജീവ ചർച്ചയാവുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ നാട്ടുകാർ പ്രതീക്ഷിക്കുന്നുണ്ട്. പൂച്ചാക്കൽ ബസ് സ്റ്റേഷൻ, അരൂക്കുറ്റിയിൽ നിന്നു എറണാകുളത്തേക്ക് എക്സ്പ്രസ് ബോട്ട് സർവ്വീസ് തുടങ്ങിയ പദ്ധതികളും ചർച്ചയിലുണ്ട്.