ഹരിപ്പാട്: ലയൺസ് ക്ലബ് ഇന്റർനാഷണലും മുതുകുളം ലയൺസ് ക്ലബ്ബും സംയുക്തമായി ഹരിപ്പാട് ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക്ക് ക്ലിനിക്കിന്റെ സഹകരണത്തോടെ കൊവിഡ് ടെസ്റ്റിംഗ് ക്ലിനിക് ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് രോഗ നിർണയം സാധാരണജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയതിനാൽ അത്തരക്കാർക്ക് ഒരു താങ്ങാവുക എന്നുള്ള ലക്ഷ്യം മുൻനിർത്തിയാണ് ക്ലിനിക്ക് ആരംഭിക്കുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ പി.പരമേശ്വരൻ കുട്ടി നിർവഹിക്കും. മുതുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ക്ലബ്ബ് സോൺ ചെയർപേഴ്സൺ ആർ.കെ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. നിർദ്ധന രോഗികൾക്ക് കൊവിഡ് ടെസ്റ്റ് തികച്ചും സൗജന്യമായിരിക്കും.
മറ്റുള്ളവർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ആയിരിക്കും ടെസ്റ്റുകൾ. കൊവിഡ് ആന്റിജൻ ടെസ്റ്റ് 575 രൂപയും പി.സി.ആർ ടെസ്റ്റ് 1500 രൂപയുമാണ്. ഇത് യഥാക്രമം 650, 2100 രൂപവീതമാണ് സർക്കാർ നിരക്കുകൾ. ആന്റിജൻ ടെസ്റ്റ് ഫലം ഒരു മണിക്കൂറിനുള്ളിലും പിസിആർ ടെസ്റ്റ് ഫലം 24 മണിക്കൂറിനുള്ളിലും നൽകും. ഐസിഎംആർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ടെസ്റ്റുകൾ നടത്തപ്പെടുന്നതെന്നും അധികൃതർ അറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി. രവീന്ദ്രൻ, സെക്രട്ടറി തുളസി സോൺ ചെയർപേഴ്സൺ ആർ. കെ പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.