photo

എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായ കഞ്ഞിക്കുഴി ഡിവിഷൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ഇതുവരെയും എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനവുമായാണ് യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. മുഹമ്മ,കഞ്ഞിക്കുഴി പഞ്ചായത്തുകൾ മുഴുവനായും മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഏഴാം വാർഡും ചേർത്തല തെക്ക് പഞ്ചായത്തിലെ 9 മുതൽ 15 വരെയുള്ള വാർഡുകളും തണ്ണീർമുക്കം പഞ്ചായത്തിലെ 18,19 വാർഡുകളുമുൾപ്പെടെ ആകെ 44 വാർഡുകളാണ് കഞ്ഞിക്കുഴി ഡിവിഷനിലുള്ളത്.

 വി.ഉത്തമൻ (എൽ.ഡി.എഫ്)

കഞ്ഞിക്കുഴി പഞ്ചായത്ത് നിവാസിയും 15 വർഷമായി സി.പി.എം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയുമായ വി.ഉത്തമനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗമായും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറി,ജില്ലാ കമ്മി​റ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയകമ്മിറ്റി അംഗം,വെമ്പള്ളി കയർ സൊസൈ​റ്റി ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

 കെ.പുരുഷോത്തമൻ (യു.ഡി.എഫ്)

ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ മൃദുല ഭവനത്തിൽ കെ.പുരുഷോത്തമനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എക്‌സൈസ് വകുപ്പിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടറായി വരമിച്ച ശേഷം പൊതു പ്രവർത്തന രംഗത്ത് സജീവമായി. കന്നി മത്സരമാണ്. ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി,കെ.പി.എം.എസ് സംസ്ഥാന കമ്മ​റ്റി അംഗം,മാരാരിക്കുളം ഹരിജൻ സഹകരണ സംഘം ഭരണസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.

 അഡ്വ.പി.വിജേഷ് കുമാർ (എൻ.ഡി.എ)

എൻ.ഡി.എ അങ്കത്തിനിറക്കിയിരിക്കുന്നത് പുതുമുഖമായ മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ തൈത്തറ വീട്ടിൽ പി.വിജേഷ് കുമാറിനെയാണ്. ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ വിജേഷ് ആലപ്പുഴ കോടതിയിൽ അഭിഭാഷകനാണ്. യുവമോർച്ച മുൻ ജില്ലാ ട്രഷറർ,ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൊച്ചി യൂണിവേഴ്സിറ്റിയിൽ നിന്നാണ് എൽ.എൽ.ബി പാസായത്.ഗാനമേള,നാടൻ പാട്ട് സംഘങ്ങളിൽ ഗായകനാണ്. മണ്ണഞ്ചേരി ഒന്നാം വാർഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.എ.കെ.എം വായനശാലയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

 കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം

ജമീല പുരുഷോത്തമൻ (എൽ.ഡി.എഫ്):25504

ഉഷ സദാനന്ദൻ (യു.ഡി.എഫ്):17434

സുമി ഷിബു (എൻ.ഡി.എ):6985

ഭൂരിപക്ഷം:8070.